സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

post

തിരുവനന്തപുരം:  ടെലിവിഷന്‍ ചാനലുകള്‍ ഉള്ളടക്കം സമൂലമായി പരിഷ്‌കരിക്കണമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 27-മത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായരുന്നു മന്ത്രി. വാര്‍ത്തയിലും ടെലിഫിലിമിലും സീരിയലിലുമെല്ലാം ഈ മാറ്റം ഉണ്ടാകണം. പുരോഗമന മൂല്യമുള്ള ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേഷണം  ചെയ്യാന്‍ ചാനലുകള്‍ തയാറാകണമെന്നു മന്ത്രി പറഞ്ഞു. 

വസ്തുതകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. ചുരുങ്ങിയ കാലംകൊണ്ട് വലിയ മാറ്റമുണ്ടാക്കാന്‍ ടെലിവിഷന്‍ മേഖലയ്ക്കായി. വലിയ കുതിച്ചുചാട്ടം ഉണ്ടായ മേഖലയില്‍ അതിന്റെ ഗുണഫലവും ദോഷഫലവും കാണാന്‍ കഴിയും. സജീവമായി നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കാന്‍ ടെലിവിഷന് കഴിയുന്നുണ്ട്. മലയാളിയുടെ പൊതുജനാഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാനും ടെലിവിഷന്‍ മേഖലയ്ക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ട്രഷറര്‍ സന്തോഷ് ജേക്കബ്, ജൂറി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവര്‍ അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു. കഥാ, കഥേതര, രചനാ വിഭാഗങ്ങളിലായി 67 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്.