മണ്ണുത്തി സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷന്‍

post

തൃശൂര്‍:  സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള മത്സരത്തില്‍ ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷന്‍ ഒന്നാം സ്ഥാനം പങ്കിട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷനൊപ്പമാണ് മണ്ണുത്തി പോലീസ് സ്റ്റേഷന്‍ ഒന്നാം സ്ഥാനം പങ്കിട്ടത്. ഇവര്‍ക്ക് മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി സമ്മാനിക്കും. കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷന്‍ രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളിലെ ഗുണനിലവാരം, ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ ഉപയുക്തത, കേസന്വേഷണങ്ങളിലെ സമയബന്ധിത തീര്‍പ്പുകല്‍പ്പിക്കല്‍, പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനകത്തും പരിസരത്തുമുള്ള വൃത്തിയായ അന്തരീക്ഷം തുടങ്ങിയ വിവിധ ഘടകങ്ങളാണ് പുരസ്‌കാര നിര്‍ണയത്തിന് പരിഗണിക്കുന്നത്. ദേശീയ തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ മികച്ച പോലീസ് സ്റ്റേഷനുള്ള മത്സരത്തില്‍ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തൃശൂര്‍ ജില്ലയിലെ തന്നെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്.

മുഖ്യമന്ത്രിയുടെ ട്രോഫി കരസ്ഥമാക്കിയ മണ്ണുത്തി പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ അറിയിച്ചു.