ഓണം: വ്യാപാര ശാലകളില്‍ തിരക്ക് ഒഴിവാക്കണം,കോവിഡ് ചട്ടങ്ങള്‍ പാലിക്കണം

post

ഇടുക്കി: ഓണക്കാലത്ത് ചന്തകളിലും മറ്റ് വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും  ഉണ്ടാകാന്‍ സാധ്യതയുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവു പുറപ്പെടുവിച്ചു.

ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനാ നേതാക്കളുമായി ജില്ലാകളക്ടര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലെ തീരുമാനം.

നിയന്ത്രണങ്ങളും വ്യവസ്ഥകളും 

1. വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍/ ചുമതലയുള്ളവര്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ളിലും പരിസരങ്ങളിലും വ്യക്തികളുടെ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. സ്ഥാപനത്തിനുള്ളില്‍ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളുടെ എണ്ണം പ്രത്യേകം പ്രദര്‍ശിപ്പിക്കേണ്ടതാണ്. സാമൂഹിക അകല പാലനം ഉറപ്പുവരുത്തുന്നതിന്  ക്യൂ / ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും ആളുകള്‍ നില്‍ക്കേണ്ട സ്ഥാനങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്തേണ്ടതുമാണ്.

2. വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നില്ലെന്നും സാമൂഹിക അകല പാലനം ഉള്‍പ്പെടെയുള്ള കോവിഡ് 19 നിര്‍വ്യാപന പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നില്ല എന്നും പോലീസ് ഉറപ്പുവരുത്തും.  വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 പ്രകാരം നടപടി സ്വീകരിക്കും.

3. വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നില്ലെന്നും സാമൂഹിക അകല പാലനം ഉള്‍പ്പെടെയുള്ള കോവിഡ് 19 നിര്‍വ്യാപന പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ടീമിനെ നിയോഗിക്കും.

കോവിഡ് 19 നിര്‍വ്യാപന പ്രോട്ടോകോള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ  കേരള  എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് - 2020 പ്രകാരവും 'Shops and Commercial Establishment Act of 1960'  പ്രകാരവും നടപടി സ്വീകരിക്കും.

4. എല്ലാ കടകളിലും Daily Symptom Register സൂക്ഷിക്കേണ്ടതാണ്. ജീവനക്കാര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍  രേഖപ്പെടുത്തുകയും ഈ ആളുകളെ ജോലിയില്‍ പ്രവേശിപ്പിക്കാതെ മാറ്റി നിര്‍ത്തേണ്ടതുമാണ്.

5. കടകളിലെ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുന്നുണ്ടെന്നും കടയുടമ/ ജീവനക്കാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

6. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച്  പരിശോധിച്ചതിനും, സാനിറ്റൈസര്‍ നല്‍കിയതിനു ശേഷം മാത്രമേ ജീവനക്കാരെയും ഉപഭോക്താക്കളേയും കടകളില്‍ പ്രവേശിപ്പിക്കാവു, ആയതിലേക്ക് ഒരു ജീവനക്കാരനെ നിയോഗിക്കേണ്ടതാണ്. തുണിക്കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ജ്വല്ലറികള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, ചെരുപ്പുകടകള്‍, മൊബൈല്‍ ഷോപ്പുകള്‍, മത്സ്യ-മാംസ വില്‍പ്പന സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷം ശരീര താപനില  സാധാരണ നിലയിലുള്ളവരെ മാത്രമേ  അകത്തേയ്ക്ക്  കടത്തിവിടാന്‍ പാടുള്ളു. മേല്‍ പരാമര്‍ശിച്ചവ കൂടാതെ 500ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതും 5 ജീവനക്കാരില്‍ കൂടുതലുള്ളതുമായ എല്ലാ സ്ഥാപനങ്ങളിലും   തെര്‍മല്‍ സ്‌കാനിംഗ് സംവിധാനം നിര്‍ബന്ധമായും  ഏര്‍പ്പെടുത്തിയിരിക്കേണ്ടതാണ്.

7. സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍, സന്ദര്‍ശിച്ച സമയം എന്നിവ ഒരു രജിസ്റ്ററില്‍  നിര്‍ബന്ധമായും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

8. സ്ഥാപനങ്ങളില്‍ വരുന്നവര്‍ക്ക് ഫുട് ഓപ്പറേറ്റഡ് സാനിറ്റൈസര്‍ ലഭ്യമാക്കേണ്ടതും, അല്ലാത്ത പക്ഷം സാനിറ്റൈസര്‍ ഒഴിച്ച് നല്‍കുന്നതിന് ഒരാളെ പ്രത്യേകമായി നിയോഗിക്കേണ്ടതുമാണ്.

9. തുണിക്കടകളില്‍ വസ്ത്രങ്ങള്‍ കൈകൊണ്ട് തൊട്ട് പരിശോധിക്കുവാനോ, ധരിച്ച് നോക്കുവാനോ, വസ്ത്രങ്ങള്‍ വിറ്റത് തിരികെ വാങ്ങുവാനോ പാടില്ലാത്തതാണ്.  ഈ വിവരങ്ങള്‍ കടകളുടെ ഉള്ളിലും പുറത്തും എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണ്.

10. സ്ഥാപനങ്ങളില്‍ എയര്‍ കണ്ടീഷനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതും എല്ലാ ദിവസങ്ങളിലും സ്ഥാപനവും പരിസരവും അണു വിമുക്തമാക്കേണ്ടതുമാണ്.

11. വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് എത്തിക്കുന്ന ലോഡുകള്‍  പ്രസ്തുത സ്ഥാപനങ്ങളില്‍ ആളുകള്‍ ഇല്ലാത്ത സമയത്ത്,  സാധ്യമെങ്കില്‍ പ്രവര്‍ത്തന സമയത്ത് മുന്‍പായി, ഇറക്കാന്‍ ശ്രദ്ധിക്കേണ്ടതും ലോഡുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുന്ന സ്ഥലം കടയുടമകള്‍ സജ്ജീകരിക്കേണ്ടതും, സ്ഥാപനങ്ങളില്‍ നിന്നും പരമാവധി ഹോം ഡെലിവറി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. സ്ഥാപനങ്ങളില്‍ പണം നേരിട്ട് വാങ്ങുന്നത് ഒഴിവാക്കി പരമാവധി ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ പണം വാങ്ങുവാന്‍ ശ്രമിക്കേണ്ടതാണ്.

12. ഭക്ഷ്യശാലകളില്‍ പരിസ്ഥിതി സൗഹൃദമായ ഡിസ്പോസിബിള്‍ ഗ്ലാസ്സുകളും, പാത്രങ്ങളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

13. വഴിയോര കച്ചവടക്കാര്‍ക്ക് പ്രത്യേക ഫീസ് ഒന്നും വാങ്ങാതെ താല്‍ക്കാലികമായി രജിസ്ട്രേഷന്‍ ചെയ്ത് ഐഡന്ററ്റി കാര്‍ഡുകള്‍ സൗജന്യമായി അനുവദിക്കുവാനും ഈ ആളുകള്‍ക്ക് കച്ചവടം ചെയ്യാന്‍ സൗകര്യപ്രദമായ ഗ്രൗണ്ടുകളോ/ മൈതാനങ്ങളോ കണ്ടെത്തി താല്‍ക്കാലികമായി അനുവദിച്ച് നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

14. തഹസില്‍ദാര്‍ & എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്  ഓരോ  താലൂക്കിലും ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ കോവിഡ് 19 നിര്‍വ്യാപന പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഫീല്‍ഡ് പ്രവര്‍ത്തനം ശക്തിപ്പെടുത്തും.  സ്‌ക്വാഡുകളിലേക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവി സ്വീകരിക്കും.