സുഭിക്ഷ കേരളം പദ്ധതി; കതിരണിഞ്ഞ് കാറഡുക്ക

post

കാസര്‍കോട്: സുഭിക്ഷ കേരളം പദ്ധതി വന്‍ വിജയമാക്കി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്. നെല്‍ കൃഷിയും മരച്ചീനി കൃഷിയും പച്ചക്കറി കൃഷിയും മീന്‍, കന്നുകാലി വളര്‍ത്തലുമായി മികച്ച  പ്രവര്‍ത്തനങ്ങളാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നടത്തുന്നത്. മികച്ച ജന പിന്തുണയോടെ കൂടുതല്‍ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വിവിധ പഞ്ചായത്തുകള്‍.

സുഭിക്ഷ കേരളം പദ്ധതിയില്‍ ആഗസ്ത് 12 വരെയായി കാറഡുക്ക ബ്ലോക്കില്‍ 280.659 ഏക്കര്‍ തരിശ് ഭൂമി കൃഷി ചെയ്യാന്‍ കണ്ടെത്തി. ബെള്ളൂര്‍ പഞ്ചായത്ത് 10.25 ഏക്കര്‍, കുമ്പഡാജെ പഞ്ചായത്ത് 20.52 ഏക്കര്‍, കാറഡുക്ക പഞ്ചായത്ത് 29.639 ഏക്കര്‍, കുറ്റിക്കോല്‍ പഞ്ചായത്ത് 66.43 ഏക്കര്‍, മുളിയാര്‍ പഞ്ചായത്ത് 14.75 ഏക്കര്‍, ദേലമ്പാടി പഞ്ചായത്ത് 10.98 ഏക്കര്‍, ബേഡഡുക്ക പഞ്ചായത്ത് 128.09 ഏക്കര്‍ തരിശ് സ്ഥലവും കൃഷി ചെയ്യാനായി കണ്ടെത്തി.

കാറഡുക്ക ബ്ലോക്കില്‍ 54 ഹെക്ടര്‍ പ്രദേശത്ത് നെല്ലും 71 ഹെക്ടര്‍ പ്രദേശത്ത് കിഴങ്ങ് വര്‍ഗ്ഗങ്ങളും 17 ഹെക്ടര്‍ പ്രദേശത്ത് പച്ചക്കറികളും നാല് ഹെക്ടര്‍ സ്ഥലത്ത് വാഴയും കൃഷി ചെയ്ത് വരുന്നു.

പദ്ധതിയിലേക്ക് ബേഡഡുക്ക പഞ്ചായത്ത് കണ്ടെത്തിയത് 316 ഏക്കര്‍ സ്ഥലം. സുഭിക്ഷ കേരളം ആപ്പ് ഉപയോഗിച്ച് ജില്ലയില്‍ ആദ്യം സര്‍വ്വേ പൂര്‍ത്തിയാക്കിയതും ഏറ്റവും അധികം കൃഷിയോഗ്യമായ സ്ഥലം കണ്ടെത്തിയതും പഞ്ചായത്തായിരുന്നു. ഒരാഴ്ച കാലം കൊണ്ട് പഞ്ചായത്ത് 316 ഏക്കര്‍ കൃഷി യോഗ്യമായ സ്ഥലം കണ്ടെത്തി . ഇതിനായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബേഡകം അഗ്രി യൂത്ത് എന്ന ഒരു ഗ്രൂപ്പ് രൂപീകരിച്ചു. കോളേജ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായ 80 പേര്‍ ചേര്‍ന്നതാണ് ഈ ഗ്രൂപ്പ്. സര്‍വ്വേയിലൂടെ കണ്ടെത്തിയ സ്ഥലങ്ങളില്‍ കൃഷി ഇറക്കാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും മറ്റ് സംഘങ്ങളെയും ചുമതലപ്പെടുത്തുകയും മേല്‍നോട്ടം നടത്തുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് നടത്തുന്ന കൃഷിയുമായി ബന്ധപ്പെട്ട്  അഗ്രി യൂത്ത് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായി.

ദേലമ്പാടി പഞ്ചായത്തില്‍ 15 ഹെക്ടര്‍ തരിശ് ഭൂമി നെല്‍കൃഷിക്കായി കണ്ടെത്തി കൃഷി ആരംഭിച്ചു. അതോടൊപ്പം 12 ഹെക്ടര്‍ പ്രദേശത്ത് മരച്ചീനി കൃഷിയും ആരംഭിച്ചു. പഞ്ചായത്ത് പരിധിയിലെ അന്‍പത് ശതമാനം വീടുകളിലും കാലങ്ങളായി വീട്ടാവശ്യങ്ങള്‍ക്കായുള്ള പച്ചക്കറികള്‍ കൃഷി ചെയ്തു വരുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതിയില്‍ കൂടുതല്‍ മികച്ച രീതിയില്‍ പച്ചക്കറി കൃഷിയും നടക്കുന്നു. ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ പച്ചക്കറി സ്റ്റോര്‍ നടത്തുന്നുണ്ട്.

ബള്ളൂര്‍ പഞ്ചായത്തില്‍ രണ്ട് ഹെക്ടര്‍തരിശ് ഭൂമി കൃഷിയോഗ്യമാക്കി. അഞ്ച് ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തി. മീന്‍ കൃഷി, കന്നുകാലി വളര്‍ത്തലിനുമായി പദ്ധതി വെച്ചിട്ടുണ്ട്. ജനങ്ങില്‍ നിന്നും മികച്ച പങ്കാളിത്തം കണ്ടു വരുന്നു. മുളിയാര്‍ പഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയും നെല്‍കൃഷിയും മികച്ചരീതിയില്‍ നടന്നു വരുന്നു. വിളകള്‍ വിളവെടുക്കാറായിട്ടില്ല. കുറ്റിക്കോല്‍ പഞ്ചായത്തില്‍ തരിശ് നെല്‍കൃഷി, കര നെല്‍കൃഷി, പച്ചക്കറികളുടേയും കിഴങ്ങ് വര്‍ഗ്ഗങ്ങളുടേയും കൃഷി തുടങ്ങിയവ ജനകീയ പങ്കാളിത്തത്തോടെ നടന്നുവരുന്നു. കുമ്പഡാജെ,ബ കാറഡുക്ക പഞ്ചായത്തുകളിലും മികച്ച രീതിയില്‍ പദ്ധതി നടക്കുന്നു. നല്ലൊരു ശതമാനം ജനങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

കുടുംബശ്രീ യൂണിറ്റുകളുടെ ഗ്രാമീണ ചന്തകള്‍ മിക്ക പഞ്ചായത്തുകളിലും തുടങ്ങി കഴിഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ നട്ട് പരിപാലിച്ച വിളകളും ചന്തകളിലേക്ക് എത്തുന്നുണ്ട്. ഒപ്പം കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നാടന്‍ പച്ചക്കറികള്‍ ശേഖരിച്ച് വില്‍പന നടത്തി വരുന്നുണ്ടെന്ന് വിവിധ പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും അറിയിച്ചു.

പദ്ധതി ഉത്സവമാക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യ ഭദ്രത ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ക്യാമ്പയിന്‍ ജനകീയ ഉത്സവമാക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.  തരിശ് ഭൂമിയിലും കൃഷിഭൂമിയിലുമെല്ലാം നൂറുമേനി വിളയിച്ച സന്തോഷത്തിലാണ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍.

സുഭിക്ഷ കേരളം പദ്ധതിയില്‍ ആഗസ്ത് 12 വരെയായി കാഞ്ഞങ്ങാട് ബ്ലോക്ക് 174.759 ഏക്കര്‍ തരിശ് ഭൂമി രജിസ്റ്റര്‍ ചെയ്തു. ഉദുമ 23.45ഏക്കര്‍ സ്ഥലവും അജാനൂര്‍ പഞ്ചായത്തില്‍ 22.48 ഏക്കര്‍ സ്ഥലവും മടിക്കൈ പഞ്ചായത്തില്‍ 38.53ഏക്കര്‍ സ്ഥലവും, പള്ളിക്കര പഞ്ചായത്തില്‍ 31.56 ഏക്കര്‍ സ്ഥലവും പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ 29.55 ഏക്കര്‍ സ്ഥലവും കണ്ടെത്തി..

ബ്ലോക്ക് പഞ്ചായത്തില്‍ 131 ഹെക്ടര്‍ സ്ഥലത്ത് നെല്ലും 89.83 ഹെക്ടര്‍ സ്ഥലത്ത് കിഴങ്ങ് വര്‍ഗ്ഗങ്ങളും 21.5 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറികളും 16 ഹെക്ടര്‍ സ്ഥലത്ത് വാഴയും ഏഴ് ഹെക്ടര്‍ സ്ഥലത്ത് പയറ് വര്‍ഗ്ഗങ്ങളും ചെറു ധാന്യങ്ങളുമായി ് കൃഷി നടന്നു വരുന്നു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ 3.1 ഏക്കര്‍ പ്രദേശത്ത് നെല്ല്, പച്ചക്കറികള്‍, മഞ്ഞള്‍, ചേന, ചേമ്പ് തുടങ്ങിയ ഭക്ഷ്യ വിളകള്‍ക്കൊപ്പം ഓണം വിപണി മുന്നില്‍ കണ്ട് പൂകൃഷിയും ചെയ്തു വരുന്നു. ചാലിങ്കാല്‍രാവണേശ്വരം പാതയോരത്ത് തരിശായി നിന്ന 3.1 ഏക്കര്‍ ഭൂമിയിലാണ് ഗ്രാമീണ കൂട്ടായ്മയില്‍ വിവിധ വിളകള്‍ നട്ടത്. വെണ്ട, വെള്ളരി, കക്കിരി, കുമ്പളം, കൈപ്പ, മുളക്, പയര്‍ തുടങ്ങി വിവിധങ്ങളായ പച്ചക്കറികള്‍ വിളവെടുപ്പിനൊരുങ്ങി നില്‍ക്കുകയാണിവിടെ.

പള്ളിക്കര പഞ്ചായത്തില്‍ നേരത്തേ പുകയില കൃഷിപ്പാടമായിരുന്ന പ്രദേശത്ത് ഇക്കുറി നെല്ലിറക്കി. അഞ്ച് ഏക്കര്‍ രണ്ട് ഏക്കര്‍ പ്രദേശങ്ങളില്‍ വിവിധ ഇടങ്ങളിലായി പച്ചക്കറികളും ചേന, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകളും ഒപ്പം മഞ്ഞളും കൂവയും നട്ടു. അടുത്ത വര്‍ഷം പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് നല്‍കാന്‍ ആവശ്യമായ വിത്ത് ശേഖരിക്കുന്നതിനായാണ് പള്ളിക്കര പഞ്ചായത്തില്‍ കൂവ കൃഷി ഇറക്കിയത്.

മടിക്കൈ പഞ്ചായത്തിലും സുഭിക്ഷ കേരളം പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു. അവിടെ നെല്ലും പച്ചക്കറികളും ചേന, ചേമ്പ് വിഭവങ്ങളും ഒപ്പം മത്സ്യ കൃഷിയും വ്യാപകമാണ്. ഉള്‍ നാടന്‍ ശുദ്ധ ജല മത്സ്യ കൃഷിക്ക് ജില്ലാതലത്തില്‍ ഒന്നാമതെത്തിയ മടിക്കൈ പഞ്ചായത്തില്‍ നിരവധി യുവാക്കളാണ് ഈ കൃഷി മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.

അജാനൂരും ഉദുമയിലും സുഭിക്ഷ കേരളം പദ്ധതി മികച്ച രീതിയില്‍ നടന്നുവരുന്നു. കര്‍ഷകരും വിദ്യാര്‍ത്ഥികളും യുവജനങ്ങളും ക്ലബ്ബുകളും കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ വിഭാഗം ജനങ്ങളും കൂട്ടമായി കൃഷിയിലേക്കിറങ്ങി സുഭിക്ഷ കേരളം ക്യമ്പയിന്‍ ജനകീയ പരിപാടിയാക്കി തീര്‍ത്തു. ഓണക്കാലത്തേക്കുള്ള പച്ചക്കറികള്‍ സ്വന്തമായി ഒരുക്കിയ സന്തോഷത്തിലാണ് നാട്ടുകാര്‍.

സഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പിനായി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും സ്വയം സഹായ സംഘങ്ങളുമെല്ലാം കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു. കാര്‍ഷിക വൃത്തിയിലേക്ക് ഇറങ്ങിയവര്‍ക്കെല്ലാം മികച്ച പിന്‍തുണ നല്‍കി പഞ്ചായത്തുകളും രംഗത്തെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആവേശമായി. ഓണക്കാലത്തേക്കായി വിവിധ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും കാര്‍ഷിക ചന്തകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തെന്ന് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.

നിലക്കടലയും ചാമയും കൃഷി ചെയ്ത് നീലേശ്വരം ബ്ലോക്ക്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഒരു കൃഷിയും നടക്കാത്ത തരിശുഭൂമികളെ പച്ച പുതപ്പിക്കുകയാണ് സൂഭിക്ഷ കേരളം പദ്ധതി. കൂടുതല്‍ പുതുമകളോടെയാണ്  നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കിയത്. നെല്ലും പച്ചക്കറികള്‍ക്കും ഒപ്പം ചാമയും റാഗിയും നിലക്കടലയുമൊക്കെയാണ് ഇവിടുത്തെ താരങ്ങള്‍. പരീക്ഷാണാര്‍ത്ഥം വലിയ പറമ്പ പഞ്ചായത്തിലാണ് നിലക്കടല കൃഷി ചെയതത്.ഇന്ന് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും നിലക്കടല കൃഷി ചെയ്യുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 91 ഹെക്ടര്‍ തരിശ് നിലങ്ങളിലാണ് നെല്‍കൃഷി ഇറക്കിയത്. കൂടാതെ റാഗിയും ചാമയും രണ്ട് ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നു.സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ കപ്പ കൃഷി വ്യാപമായതും സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ്. ഇതിനോടകം  നീലേശ്വരം മുന്‍സിപ്പാലിറ്റിയില്‍ നിന്ന് മാത്രം 11783 ക്വിന്റല്‍ പച്ചക്കറി വിറ്റു കഴിഞ്ഞു.

 ഇടവിളക്കൃഷിയുടെ ഭാഗമായി  ഫല വൃക്ഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കൃഷിഭവന് 5750 തൈകള്‍ എന്ന തോതില്‍ വിതരണം ചെയ്യുന്നു. ഈ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്.കൂടാതെ കൃഷി, മൃഗസംരക്ഷണം, മത്സ്യം വളര്‍ത്തല്‍ സമന്വയിപ്പിച്ചുള്ള സംയോജിത കൃഷിയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു.പ്രാദേശിക തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി എന്നിവയുമായി യോജിച്ച് നടപ്പാക്കുന്ന സുഭിക്ഷം കേരളം പദ്ധതിയില്‍ നാടും നാട്ടരും ഒന്നുചേര്‍ന്നതോടെ പദ്ധതി വന്‍ വിജയമായി. മഴക്കാലം ആരംഭിച്ചതോടെ കൃഷി സംരംക്ഷിക്കാന്‍ മഴമറകൃഷിയും ആരംഭിച്ചു.ആഗസ്റ്റ 20 ഓടെ ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് നീലേശ്വരം അഗ്രോ സര്‍വ്വീസ് സെന്റര്‍ എഡിഎ ഇന്‍ചാര്‍ജ് കെ എ ഷിജു പറഞ്ഞു.

ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ വ്യാപകമായി മത്സയക്കൃഷിയും നടപ്പാക്കുന്നു.വിവിധ പഞ്ചായത്തുകളിലായി രണ്ട് സെന്റ്ില്‍ നിര്‍മ്മിക്കുന്ന 34 പടുതകുളങ്ങളും 32 ബയോഫേ്‌ലാക്ക് മീന്‍ കുളങ്ങളും നിര്‍മ്മിച്ച് കൃഷി ചെയ്തുവരുന്നു.