ഫിറ്റാണ് കണ്ണൂര്‍: പുതുവത്സര ദിനത്തില്‍ സൂംബ പ്രദര്‍ശനമൊരുക്കി കലക്ടറേറ്റ് ജീവനക്കാര്‍
കണ്ണൂര്‍: പുതുവത്സര ദിനത്തില്‍ കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സൂംബ പ്രദര്‍ശനം ശ്രദ്ധേയമായി. വേദിയില്‍ സൂംബ ചുവടുകളുമായി ജീവനക്കാര്‍ എത്തിയപ്പോള്‍ കാണികള്‍ക്കും അത് നവ്യാനുഭവമായി. ഒന്നരമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 28 ജീവനക്കാരാണ് വേദിയില്‍ ചുവടുവെച്ചത്. വ്യായാമത്തിലൂടെ ആരോഗ്യം എന്ന മുദ്രാവാക്യവുമായി കണ്ണൂര്‍ ജനതയുടെ കായികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിച്ച ഫിറ്റ് കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായായിരുന്നു സൂംബ പരിശീലനം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ 6.30 മുതല്‍ 7.30 വരെയാണ് പരിശീലനം. എന്നാല്‍ കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ പരിശീലനം നടത്തുന്നുണ്ട്. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം ജിം ട്രെയിനര്‍ വി സന്ധ്യയുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയത്. കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് പി സുനില്‍ കുമാറാണ് ടീം ലീഡര്‍.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സൂംബ പ്രദര്‍ശനത്തില്‍ എഡിഎം ഇ പി മേഴ്‌സി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി കെ ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.