മലയാളത്തോടുള്ള പ്രണയവുമായി ഡോ. ഹെക്കെ ഊബര്‍ലീന്‍

post

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രേഖകളുടെ ഡിജിറ്റല്‍ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറി

'എന്റെ പേര് ഡോ. ഹെക്കെ ഊബര്‍ലീന്‍. ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയിലെ പ്രൊഫസറാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ ലോകകേരള സഭയില്‍ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറാന്‍ എത്തിയതാണ് ഞാന്‍' ജര്‍മനിയില്‍ ജനിച്ചുവളര്‍ന്ന ഈ പ്രൊഫസര്‍ ആയാസരഹിതമായി മനോഹരമായ മലയാളത്തില്‍ ഇത്രയും പറഞ്ഞ് നിര്‍ത്തി. ഇതെങ്ങനെ മലയാളം പഠിച്ചുവെന്ന ചേദ്യത്തിന് ഉടനെ വന്നു മലയാളത്തില്‍ തന്നെ മറുപടി; 'ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ കേരളത്തിലെ കലാമണ്ഡലത്തില്‍ വന്നു. അവിടെ വെച്ച് കൂടിയാട്ടവും നങ്ങ്യാര്‍ക്കൂത്തും പഠിച്ചു. ഒപ്പം മലയാളവും.

ട്യൂബിംഗന്‍ സര്‍വകലാശാലയിലെ ഇന്ത്യയെക്കുറിച്ചുള്ള പഠനവിഭാഗം അസോസിയറ്റ് പ്രൊഫസറാണ് ഡോ. ഹെക്കെ ഊബര്‍ലീന്‍. സെറ്റ് സാരിയുടുത്ത് രണ്ടാമത് ലോക കേരള സഭയിലെത്തിയ അവര്‍ക്ക് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ പോലെ തന്നെ മലയാളത്തിനോട് വലിയ കമ്പമാണ്. മറ്റു ഭാഷകളെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടാണ് മലയാളം പഠിക്കാനെന്നും ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു. 'ന്റെ ഉപ്പുപ്പാക്ക് ഒരാനണ്ടാര്‍ന്നു' ഉള്‍പ്പെടെയുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍, സച്ചിദാനന്ദന്റെ കവിതകള്‍, കമലാദാസിന്റെ നോവലുകള്‍ മുതല്‍ വള്ളത്തോളിന്റെ കൃതികള്‍ വരെ അവര്‍ വായിച്ചിട്ടുണ്ട്. ഇന്‍ഡോളജി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1993ലാണ് പഠനത്തിന്റെ ഭാഗമായി ആദ്യമായി കേരളത്തിലെത്തിയതെന്നും അവര്‍ പറഞ്ഞു.

മതപ്രചാരണത്തിന്റെ ഭാഗമായി 1838ല്‍ കേരളത്തിലെത്തുന്നതിനു മുമ്പ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഡോക്ടറേറ്റ് എടുത്ത യൂണിവേഴ്‌സിറ്റിയാണ് ട്യൂബിംഗന്‍ സര്‍വകലാശാല. ഗുണ്ടര്‍ട്ടിന്റെ കൈവശമുണ്ടായിരുന്ന ചരിത്രപ്രാധാന്യമുള്ള നിരവധി രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയിരിക്കുകയാണ് സര്‍വകലാശാല ലൈബ്രറി. മലയാളത്തിനു പുറമെ, കന്നട, തുളു, തമിഴ്, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലെ കല്ലച്ചിലടിച്ച പുസ്തകങ്ങള്‍, ലഘുലേഖകള്‍, താളിയോലകള്‍, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും എഴുതിയ പുസ്തകങ്ങള്‍ തുടങ്ങിയവയും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനും മലയാളഭാഷാ വ്യാകരണത്തിനുമായി അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകളും ഇതില്‍പ്പെടും. ഇവയില്‍ പലതും മറ്റൊരിടത്തും ലഭിക്കാനിടയില്ലാത്ത രേഖകളാണെന്ന് ഡോ. ഹെക്കെ ഊബര്‍ലീന്‍ പറയുന്നു. 142 കയ്യെഴുത്തുപ്രതികളടക്കം 849 ശീര്‍ഷകങ്ങളിലുള്ള 1,37,148 പേജുകള്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇവയില്‍ 24,000 പേജുകള്‍ ഓണ്‍ലൈനില്‍ തെരയാവുന്ന വിധത്തില്‍ യൂണികോഡിലേക്ക് മാറ്റിയിട്ടുമുണ്ട്.  https://www.gundertportal.de/ എന്ന അഡ്രസില്‍ ഈ രേഖകള്‍ സൗജന്യമായി ലഭ്യമാണ്.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിവച്ച ദൗത്യം മറ്റൊരുവിധത്തില്‍ തുടരാനാവുന്നുവെന്നതില്‍ സര്‍വകലാശാലയ്ക്കും തനിക്ക് വ്യക്തിപരമായും വലിയ അഭിമാനമുണ്ടെന്ന് ഡോ. ഊബര്‍ലീന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് മലയാളം പഠിച്ച് ജര്‍മനിയില്‍ തിരിച്ചെത്തിയ ശേഷം ഏതാനും കുട്ടികളെ മലയാളം പഠിപ്പിച്ചുതുടങ്ങിയിരുന്നു. ഇപ്പോള്‍ സര്‍വകലാശാല നടത്തുന്ന പ്രാഥമിക മലയാളം കോഴ്‌സില്‍ ജര്‍മിനിക്കു പുറമെ, മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും  പഠിക്കുന്നുണ്ട്.

മതപ്രചാരണത്തിന്റെ ഭാഗമായാണ് ഗുണ്ടര്‍ട്ട് കേരളത്തിലെത്തിയതെങ്കിലും മലയാളത്തോടുള്ള സ്‌നേഹമാണ് അദ്ദേഹത്തെ കേരളം ഇന്നും സ്‌നേഹത്തോടെ അനുസ്മരിക്കാന്‍ കാരണമെന്ന് ഡോ. ഊബര്‍ലീന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈയിടെ നടത്തിയ യൂറോപ്യന്‍ പര്യടനത്തിനിടെ ട്യൂബിംഗന്‍ സര്‍വകലാശാല സന്ദര്‍ശിക്കാനും ഈ രേഖകള്‍ ഏറ്റുവാങ്ങാനും ആലോചിച്ചിരുന്നതാണ്. എന്നാല്‍ സമയക്കുറവുമൂലം അന്നു നടന്നില്ല. അതുകൊണ്ടാണ് അവ നേരിട്ട് സമര്‍പ്പിക്കാന്‍ താന്‍ ലോക കേരള സഭയിലെത്തിയതെന്നും അവര്‍ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ രേഖകളുടെ ഹാര്‍ഡ് ഡിസ്‌ക് ഡോ. ഊബര്‍ലീന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

https://www.facebook.com/keralainformation/videos/452181395737153/?t=18