മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍

post

തൃശൂര്‍: സിറ്റി പോലീസിന്റെ കരുതലില്‍ പരിപാടിയായ 'മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍' ക്യാമ്പയിന്‍ തുടക്കമായി. ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായാണ് വിപുലമായ ക്രമീകരണങ്ങളോടെയാണ് സിറ്റി പോലീസ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം ഉപയോഗപ്പെടുത്തി 'മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍' എന്ന ക്യാമ്പയിന്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ആഗസ്റ്റ് 24-ന് തത്സമയ സംപ്രേഷണം തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണാഘോഷം വീടുകളിലേക്ക് ചുരുക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ ഓരോരുത്തരും സ്വയം പാലിക്കുന്ന നിയന്ത്രണത്താല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ തത്സസമയ സംപ്രേഷണത്തില്‍ പറഞ്ഞു. പോലീസ് സംവിധാനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ലെന്നും ജീവന്റെ സുരക്ഷയ്ക്കാണെന്നും കൃഷി വകുപ്പി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറും പറഞ്ഞു.

ഓണാഘോഷ വേളകളിലും മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും കൂട്ടം കൂടിയുള്ള ആഘോഷ പരിപാടികള്‍ ക്രമീകരിച്ച് ആഘോഷങ്ങള്‍ വീടുകളിലേക്ക് ചുരുക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

പ്രചരണപരിപാടിയുടെ ഭാഗമായി നവ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പത്ര- ദൃശ്ര - ശ്രവ്യ മാധ്യമങ്ങളിലൂടെയും ബോധവത്ക്കരണ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മള്‍ട്ടിമീഡിയ സംവിധാനമുള്ള പ്രചരണ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി നഗരത്തിലും പരിസര പ്രദേശങ്ങളിലും സഞ്ചരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെ ഫലപ്രദമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതാണെന്നും കോവിഡ് വ്യാപനം തടയുന്നതിന് വ്യാപാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടേയും സഹകരണം ഉറപ്പാക്കുമെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

തുടര്‍ന്ന് മള്‍ട്ടിമീഡിയ സംവിധാനം ഉപയോഗിച്ചുള്ള വാഹന പ്രചരണത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍  ആര്‍. ആദിത്യയ്ക്കൊപ്പം കുന്നംകുളം എസിപി ടി എസ് സിനോജ്, തൃശൂര്‍ എസിപി വി കെ രാജു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.