കോവിഡ് ബ്രിഗേഡ്; ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി

post

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കിയ കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി. കാസര്‍ഗോഡുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗത്യം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ സന്നിഹിതയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടന്ന നാലു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സി.എഫ്.എള്‍.ടി.സി. കോവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട്, എയര്‍വേ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് എയര്‍വേ മാനേജ്‌മെന്റ്, മെഡിക്കല്‍ പ്രോട്ടോകോള്‍, കോവിഡ് പ്രോട്ടോകോള്‍, സാമ്പിള്‍ ടെസ്റ്റിംഗ്, സുരക്ഷാ മാനദണ്ഡങ്ങള്‍, പി.പി.ഇ. കിറ്റിന്റെ ഫലപ്രദമായ ഉപയോഗം തുടങ്ങിവയിലാണ് പരിശീലനം നല്‍കിയത്.

അടുത്ത ബാച്ചിന്റെ പരിശീലനം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. തീവ്രപരിചരണ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഐ.സി.യുവില്‍ നേരിട്ടുള്ള 10 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. കോവിഡ് ബ്രിഗേഡില്‍ ചേരാന്‍ https://covid19jagratha.kerala.nic.in/ എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം.