ലോക കേരള സഭ: അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ഓപ്പണ്‍ ഫോറം

post

* പ്രവാസികള്‍ കൈയേറിയുണ്ടാക്കിയതാണ് ഇന്നത്തെ കേരളം: പി ടി

* ലോക കേരള സഭ പ്രവാസികള്‍ക്ക് മേല്‍വിലാസം നല്‍കി: മാനസി

* പ്രവാസ ലോകത്ത് നിന്ന് ആശയങ്ങള്‍ സമാഹരിക്കപ്പെടണം: മുരളി തുമ്മാരുകുടി

തിരുവനന്തപുരം: ലോക കേരള സഭയില്‍ പ്രവാസി മലയാളികള്‍ക്കും കേരള സമൂഹത്തിനുമുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും വിശദമായി ചര്‍ച്ച ചെയ്ത് സമ്മേളനത്തിന്റെ മൂന്നാം ദിവസം നടന്ന ഓപ്പണ്‍ ഫോറം. കേരളത്തേക്കാള്‍ കൂടുതല്‍ പ്രവാസികളുള്ള നാടുകള്‍ ലോകത്ത് വേറെയുണ്ടെങ്കിലും അവിടെയൊന്നും പ്രവാസികള്‍ക്ക് കൈവരിക്കാനാവാത്ത നേട്ടമാണ് ലോക കേരള സഭയിലൂടെ സാധ്യമായിരിക്കുന്നതെന്ന് ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. പണം കായ്ക്കുന്ന മരങ്ങളായി മാത്രം കാണുന്നതിനു പകരം അവരെ വ്യക്തികളായും പൗരന്‍മാരായും കാണുന്നുവെന്നതാണ് ലോക കേരള സഭയെന്ന ആശയത്തിന്റെ മാഹാത്മ്യമെന്ന് ഓപ്പണ്‍ ഫോറത്തില്‍ മോഡറേറ്ററായി സംസാരിച്ച എഴുത്തുകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. കുടിയേറിയവരും കുടിയിറങ്ങിവന്നവരും ചേര്‍ന്ന് സൃഷ്ടിച്ചതാണ് കേരളം. അതുകൊണ്ടുതന്നെ പ്രവാസികളുടെ സങ്കടങ്ങള്‍, അതിജീവന ശ്രമങ്ങള്‍, നേടിയെടുത്ത അറിവുകള്‍ ഇവയെല്ലാം കേരളത്തിന്റെ ഭാവിക്കായി ഉപയോഗപ്പെടുത്താനുള്ള വേദിയായി ലോക കേരള സഭ മാറും. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നേട്ടങ്ങള്‍ വിലയിരുത്താവുന്നതല്ല ലോക കേരള സഭയെന്നും മറിച്ച് ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ അതിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അകത്താണോ പുറത്താണോ എന്നറിയാതെ, സ്വന്തമായ മേല്‍വിലാസമുണ്ടോ എന്നറിയാതെ പറിച്ചുനടലിന്റെ വ്യാകുലതകളില്‍ പകച്ചുനില്‍ക്കുന്ന പ്രവാസികള്‍ക്ക് വലിയ സാന്ത്വനവും സമാധാനവുമാണ് ലോക കേരള സഭയെന്ന് എഴുത്തുകാരി മാനസി അഭിപ്രായപ്പെട്ടു. കുടിയേറുന്ന പ്രദേശങ്ങളെ കുറിച്ചുള്ള ആശങ്കകളെക്കാളുപരി കുടിയേറ്റത്തെക്കുറിച്ചുള്ള ചിന്ത തന്നെ ഓരോ പ്രവാസിയെയും വേട്ടയാടുന്നുണ്ട്. പെണ്‍ പ്രവാസവും ആണ്‍ പ്രവാസവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും കൂടുതല്‍ തീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് പ്രവാസി സ്ത്രീകള്‍ കടന്നുപോവുന്നതെന്നും മാനസി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ സാഹിത്യ സൃഷ്ടികള്‍ മലയാളത്തിലേക്കും കേരളത്തില്‍ നിന്നുള്ള മികച്ച സൃഷ്ടികള്‍ മറ്റ് പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സ്വന്തം നാട്ടിലും കുടിയേറിയ ഇടങ്ങളിലും അവഹേളനം മാത്രം ഏറ്റുവാങ്ങേണ്ടി വന്ന പ്രവാസികള്‍ തിരസ്‌കാര ശ്രമങ്ങളെ തന്ത്രപൂര്‍വം അതിജീവിച്ച് നടത്തിയ കൈയേറ്റത്തിന്റെ ഫലമാണ് വര്‍ത്തമാനകാല കേരളമെന്ന് പി.ടി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. അവഹേളനങ്ങള്‍ക്കും അവഗണനകള്‍ക്കും മുമ്പില്‍ തോറ്റുകൊടുക്കാതെയാണ് പ്രവാസികള്‍ ഇക്കാണുന്ന നേട്ടങ്ങളെല്ലാം കൊയ്തത്. ഇന്ന് കേരളത്തിലെ സമ്പത്തിന്റെ സിംഹഭാഗവും പ്രവാസികളുടെ കൈയിലാണ്. മരട് ഫഌറ്റ് പൊളിക്കാനുള്ള നീക്കത്തിനു പിന്നില്‍ പ്രവാസികളുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട ഉത്തരേന്ത്യന്‍ ഗോസായിമാരുടെ കളികളുണ്ട്. കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള പ്രവാസികളുടെ ശ്രമത്തിന്റെ ഭാഗമാണ് ലോക കേരള സഭയെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസലോകത്ത് നിന്ന് പണത്തിനൊപ്പം മികച്ച ആശയങ്ങളും സ്വീകരിക്കാനുള്ള മികച്ചൊരു വേദിയാണ് ലോക കേരള സഭയെന്ന് മുരളി തുമ്മാരുകുടി വിലയിരുത്തി. ദുരന്തനിവാരണം, കാലാവസ്ഥാവ്യതിയാനം, പുതിയകാല വ്യാവസായിക വിപ്ലവം, ഓട്ടോമേഷന്‍, നിര്‍മിതബുദ്ധി തുടങ്ങിയ മേഖലകളില്‍ മികച്ച ആശയങ്ങള്‍ കൈമാറാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ നിയമനിര്‍മാതാക്കള്‍ക്ക് ഒപ്പമിരുന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കുന്നുവെന്നതാണ് ലോക കേരള സഭയുടെ പ്രത്യേകത. സഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് വ്യവസ്ഥാപിതമായ സംവിധാനം ഉണ്ടായിവരേണ്ടതുണ്ടെന്നും സ്ത്രീപ്രാധിനിധ്യം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഒന്നാം ലോക കേരള സഭയിലെ ചര്‍ച്ചകളിലൂടെ സാധിച്ചതായി സുബൈര്‍ കണ്ണൂര്‍ അഭിപ്രായപ്പെട്ടു.