ജില്ലാ കലക്ടര്‍ക്ക് ഇനി പുതിയ ചേംബര്‍

post

കൊല്ലം: ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇന്ന് മുതല്‍ പുതിയ ചേംബറിലേക്ക്. കലക്‌ട്രേറ്റിലെ പഴയ സമ്മേളന ഹാളാണ് മോടിപിടിപ്പിച്ച് ജില്ലാ കലക്ടറുടെ ചേംബറാക്കിയത്. ചേംബര്‍, പാന്‍ട്രി, ശൗചാലയം എന്നിവ ഉള്‍പ്പടെ 132 ചതുരശ്ര മീറ്റര്‍ വീസ്തീര്‍ണമുണ്ട്. ചേംബര്‍ മാത്രം 106 ചതുരശ്ര മീറ്ററാണ്.

ആദ്യത്തെ കലക്ടര്‍ പി ഐ ജേക്കബ് 1954 ഏപ്രില്‍ ഒന്നിന് ചേംബറില്‍ പ്രവേശിച്ചത് മുതല്‍ മാറിമാറിവന്ന കലക്ടര്‍മാര്‍ ഇരുന്ന പഴയ ചേംബര്‍ ചരിത്രമാവുകയാണ്. നിലവിലെ 47-ാം മത്തെ കലക്ടറായ ബി അബ്ദുല്‍ നാസര്‍ പുതിയ ചേംബറില്‍ ആദ്യമിരിക്കുന്ന കലക്ടറാവുന്നു. എം ജി പി പദ്ധതിയില്‍ കലക്‌ട്രേറ്റിലെ സെക്ഷനുകള്‍ 2005 ല്‍ പുതുക്കി പണിതപ്പോള്‍ നിലവിലെ ചേംബറായ അന്നത്തെ സമ്മേളന ഹാളിലായിരുന്നു ജീവനക്കാര്‍ ഇരുന്നത്. പഴയ ചേംബര്‍ മോടിപിടിപ്പിച്ച വേളയില്‍ കലക്‌ട്രേറ്റില്‍ തെക്കുഭാഗത്തുള്ള ഡെപ്യൂട്ടി കലക്ടറിന്റെ മുറിയായിരുന്നു അന്നത്തെ ചേംബറാക്കിയിരുന്നുത്. സുനാമി ദുരന്ത വേളയില്‍ ദുരിതാശ്വാസത്തിനായി ലഭിച്ച സാധനസാമഗ്രികള്‍ അന്ന് സൂക്ഷിച്ചിരുന്നത് നിലവിലെ ചേംബറായ അന്നത്തെ സമ്മേളന ഹാളിലായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍, ട്രെയിന്‍ അപകടങ്ങള്‍, ഗ്യാസ് ടാങ്കര്‍ അപകടം, മദ്യ ദുരന്തം, വെടിക്കെട്ട് അപകടം തുടങ്ങിയവയും ക്രമസമാധാന പ്രശ്‌നങ്ങളും ഇടപെട്ട് നടപടികള്‍ കൈക്കൊണ്ട ജില്ലാ ഭരണകൂടത്തിന്റെ അധിപന്‍മാര്‍ ഇരുന്ന പഴയ ചേംബറിന് അതിന്റേതായ പ്രാധാന്യമുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗവ്യാപനം പിടിച്ച് നിര്‍ത്തിയതുള്‍പ്പടെ ക്രമീകരണങ്ങള്‍ കൈക്കൊള്ളുന്ന വേളയിലാണ് കലക്ടര്‍ പുതിയ ചേംബറിലേക്ക് കടക്കുന്നത്.

ഇന്ന് രാവിലെ 11.30ന് ചേംബറിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. വെളിയം കൊട്ടാരക്കര വില്ലേജ് ഓഫീസുകളും മന്ത്രി ഓണ്‍ലൈന്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ എ ഡി എം പി. ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങി ചുരുക്കം ഉദ്യോഗസ്ഥര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.