പ്രവാസ നിക്ഷേപ സാധ്യതകളും അവസരങ്ങളും ആഴത്തില്‍ ചര്‍ച്ചചെയ്ത് ലോക കേരള സഭ

post

തിരുവനന്തപുരം: പ്രവാസ സമൂഹത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളുടെയും നിക്ഷേപ അവസരങ്ങളുടെയും വിപുലമായ ചര്‍ച്ചയാണ് ലോക കേരള സഭയില്‍ നടന്നത്.  ലോകരാജ്യങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ച് അതത് രാജ്യത്തെ പ്രതിനിധികള്‍ സമ്മേളിക്കുകയും പ്രവാസ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് ക്രോഡീകരിക്കുകയും ചെയ്തു. തുടര്‍ന്ന് എട്ട് വിഷയങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിനിധികള്‍ കൂട്ടായി ചര്‍ച്ചചെയ്യുകയും നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുകയും ചെയ്തു. യു.എ.ഇ, മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും വടക്കെ അമേരിക്കയും, തെക്കെ അമേരിക്കയും ആഫ്രിക്കയും മറ്റുലോക രാജ്യങ്ങള്‍, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിങ്ങനെയായിരുന്നു മേഖല അടിസ്ഥാനത്തില്‍ പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചചെയ്തത്. പ്രവാസ തൊഴില്‍ പ്രോല്‍സാഹനവും മികവു കൈവരിക്കലും എന്ന വിഷയത്തെ അധികരിച്ച് മനുഷ്യാവകാശം, പ്രവാസി അനുകൂല നിയമനിര്‍മ്മാണം, നൈപുണ്യ വികസനം, റിക്രൂട്ട്‌മെന്റ് പ്രക്രിയ, കോണ്‍സുലാര്‍ സേവനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പുതിയ പ്രവണതകളും പ്രശ്‌നങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കി. ആഗോള കേരളത്തിന്റെ സുരക്ഷയും കരുതലും എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി നിക്ഷേപം, പ്രവാസി ചിട്ടി, ഡയസ്‌പോറ ബോണ്ട്, കേരള ബാങ്ക്, സഹകരണ മേഖല, വിനോദ സഞ്ചാരം തുടങ്ങിവ ആഴത്തില്‍ വിശകലനം ചെയ്തു. പ്രവാസാനന്തര പുരനധിവാസം എന്ന വിഷയത്തെ അധികരിച്ച് നോര്‍ക്ക സ്‌കീമുകള്‍, വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, ഡിവിഡന്റ് സ്‌കീം എന്നിവയും ചര്‍ച്ചചെയ്തു.  നവകേരള നിര്‍മ്മിതിയില്‍ പ്രവാസി ഇടപെടല്‍, ലോക കേരളവും കലാ സാംസ്‌കാരിക രംഗവും, സ്ത്രീകളും പ്രവാസവും പ്രളയാനന്തര നവകേരള നിര്‍മ്മിതിയില്‍ ആഗോള കേരളത്തിന്റെ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കി. കൂട്ടായ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന വസ്തുതകള്‍ സഭയില്‍ അംഗങ്ങള്‍ അവതരിപ്പിച്ചു.

റേഷന്‍ കാര്‍ഡ് ഒരു ആധികാരിക രേഖയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ ഇതില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് അവര്‍ ആവശ്യമുന്നയിച്ചു. സ്വന്തം സമ്പാദ്യം പ്രയോജനകരമായ രീതിയില്‍ നിക്ഷേപിക്കാനും മൂല്യവര്‍ധന നേടാനും ആവശ്യമായ പരിശീലനവും ബോധവല്‍ക്കരണവും നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി ഒരു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങണമെന്നും ആവശ്യമുയര്‍ന്നു. നാട്ടില്‍ ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഇതുപകരിക്കും. ഒപ്പം ഇവരുടെ തൊഴില്‍ വൈദഗ്ധ്യം സംസ്ഥാന നിര്‍മിതിക്കായി പ്രയോജനപ്പെടുത്തുകയുമാകാം. പ്രവാസികളുടെ കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പ്രവാസികളുടെ നിക്ഷേപ പദ്ധതികളുടെ വേഗത്തിലുള്ള നടപടികള്‍ക്കായി ഏകജാലക സംവിധാനം ഉണ്ടാക്കണമെന്നും മുതിര്‍ന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ അതിന്റെ തലപ്പത്ത് നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും കേരള ഹൗസുകള്‍ സ്ഥാപിക്കണം എന്നതായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന മറ്റൊരു ആവശ്യം. പ്രവാസി ചിട്ടിക്ക് വിദേശത്ത് കൂടുതല്‍ പ്രചാരം നല്‍കുന്ന പക്ഷം അതിനെ കൂടുതല്‍ വിജയത്തിലെത്തിക്കാന്‍ കഴിയുമെന്ന് സഭാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആരംഭിക്കേണ്ടതിന്റെയും വിദേശത്തേക്ക് പോകുമ്പോഴോ തിരികെ വരുമ്പോഴോ വിമാനത്താവളത്തില്‍ മെഡിക്കല്‍ ചെക്ക് അപ്പ് നടത്തേണ്ടതിന്റെ ആവശ്യകതയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നോര്‍ക്ക മൊബൈല്‍ ആപ് രൂപീകരിക്കുന്നത് കൂടുതല്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാന്‍ സഹായിക്കും. തിരികെവരുന്ന പ്രവാസികള്‍ക്ക് പാട്ടത്തിന് കൃഷി ഭൂമി ലഭ്യമാക്കിയാല്‍ കാര്‍ഷിക രംഗത്തിന്റെ കുതിപ്പിന് അത് സഹായകമാകുമെന്നും അഗങ്ങള്‍ പറഞ്ഞു. റോഡുകള്‍ക്ക് ഇരുവശവും ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയവയില്‍ സമര്‍ത്ഥരെ വാര്‍ത്തെടുക്കാന്‍ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. വിദേശത്ത് വിവാഹമോചനത്തിന് വിധേയമാകുന്ന വനിതകള്‍ക്കും ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്കും സംരംക്ഷണവും നിയമസഹായവും ലഭ്യമാക്കാന്‍ ലീഗല്‍ എയിഡ് സെന്റര്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതര സംസ്ഥാനങ്ങളില്‍ വനിതകള്‍ക്കായി ഡോര്‍മറ്ററി സൗകര്യം തുടങ്ങേണ്ടതിന്റെ ആവശ്യകതയിലേക്കും ചിലര്‍ വിരല്‍ചൂണ്ടി. പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ചൂഷണത്തിന് വിധേയമാകുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണം എന്നും ചിലര്‍ ആവശ്യപ്പെട്ടു. പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ചും നിക്ഷേപ സ്‌കീമുകളെക്കുറിച്ചും കൂടുതല്‍ പ്രചാരം നല്‍കണമെന്നും സഭാംഗങ്ങള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.