മാരായമംഗലം ഹൈസ്‌കൂളിന് ടര്‍ഫ് ഫുട്‌ബോള്‍ കോര്‍ട്ട്

post

പാലക്കാട് : ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ച് ആദ്യമായി ജില്ലയില്‍ നിര്‍മിക്കുന്ന ആധുനിക ടര്‍ഫ് ഫുട്ബാള്‍ കോര്‍ട്ടിന്റെ ശിലാസ്ഥാപനം മാരായമംഗലം ഗവ. ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു. കായിക മേഖലയില്‍ പാലക്കാട് ജില്ല ഔപചാരിക വിദ്യാഭ്യാസത്തിനു നല്‍കുന്ന സംഭാവന ചെറുതല്ലെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വലിയ മുതല്‍ക്കൂട്ടാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ടര്‍ഫ് ഫുട്‌ബോള്‍ കോര്‍ട്ട് തുടങ്ങുന്നതിനു വേണ്ട അടിസ്ഥാന സാഹചര്യങ്ങളും സ്‌കൂളിന്റെ ഗുണനിലവാരവും കണക്കാക്കിയാണ് മാരായമംഗലം ഹൈസ്‌കൂള്‍ തിരഞ്ഞെടുത്തത്. കൂടാതെ സ്‌കൂളില്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് കിഫ്ബി വഴി ഒരു കോടി അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

കായിക രംഗത്ത് ഏറെ മുന്നിലുള്ള പാലക്കാട് ജില്ലയ്ക്ക് ഫുട്‌ബോള്‍ രംഗത്തും മിന്നിത്തിളങ്ങാന്‍ വലിയ മുതല്‍ക്കൂട്ടാകും പുതുതായി നിര്‍മ്മിക്കുന്ന ടര്‍ഫ് ഫുട്‌ബോള്‍ കോര്‍ട്ട്. ഒരു കോടി 26 ലക്ഷം ചെലവഴിച്ചാണ് കോര്‍ട്ട് നിര്‍മ്മിക്കുന്നത്. സ്‌കൂളിന്റെ കളിസ്ഥലത്ത് 90 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. നിലവിലുള്ള 200 മീറ്റര്‍ ട്രാക്ക് നിലനിര്‍ത്തിയാണ് പുതിയ കോര്‍ട്ടിന്റെ നിര്‍മാണം നടക്കുക.