വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി ടി പി രാമകൃഷ്ണന്‍

post

കൊയിലാണ്ടി ഗവ: ഐ.ടി.ഐ യില്‍ 4.22 കോടിയുടെ വികസന പ്രവൃത്തികള്‍ക്ക് തുടക്കം 

കോഴിക്കോട് : ലോകത്ത് തൊഴില്‍ രംഗത്തുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും അതിനനുസൃതമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും   ആധുനികവത്ക്കണവുമാണ്  ഇപ്പോള്‍ കേരളത്തിലെ  ഐ.ടി.ഐ കളില്‍ നടന്നു വരുന്നതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കിഫ്ബിയുടെ ധനസഹായത്തോടെ  ആധുനികവത്കരിക്കുന്ന കൊയിലാണ്ടി ഗവ.ഐ.ടി.ഐ യിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ട്രേഡുകള്‍ കൂടി അനുബന്ധമായി അനുവദിക്കുമെന്നും സമയ ബന്ധിതമായി തന്നെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

34 വര്‍ഷം പിന്നിടുന്ന കുറുവങ്ങാട് ഗവ. ഐ.ടി.ഐ 4.22 കോടി രൂപ ചെലവില്‍ സമഗ്ര വികസനത്തിലേക്കാണ് ഇതോടെ ചുവട് വെക്കുന്നത്.  തൊഴില്‍ വകുപ്പിന് കീഴില്‍ തന്നെയുള്ള കേയ്‌സ് ( കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്) നാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.  മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ഒന്നാം ഘട്ട നിര്‍മാണമാണ് ഇപ്പോള്‍ ആരംഭിച്ചത്.   അക്കാദമിക് ബ്ലോക്ക്, മെയിന്‍ ഗേറ്റ് വിത്ത് സെക്യൂരിറ്റി ക്യാബിന്‍, കോമ്പൗണ്ട് വാള്‍, റോഡ്, വര്‍ക്ക്‌ഷോപ്പുകളുടെ നവീകരണം, ക്ലാസ്മുറികള്‍ ഹൈടെക് ആക്കല്‍,  ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്‍, അക്കാദമിക് ബ്ലോക്കിലേക്കാവശ്യമായ ഫര്‍ണീച്ചറുകള്‍  തുടങ്ങി വലുതും ചെറുതുമായ നിരവധി പ്രവൃത്തികള്‍ ആദ്യഘട്ടത്തില്‍ നടക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പററ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണം എറ്റെടുത്തിരിക്കുന്നത്. 12 മാസമാണ് പദ്ധതി പൂര്‍ത്തീകരണ കാലയളവ്. 

ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍, മുന്‍ എം.എല്‍.എ പി.വിശ്വന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, കൗണ്‍സിലര്‍ ബിനില, ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍, പ്രിന്‍സിപ്പാള്‍ ടി. കെ സുമതി, പിടിഎ പ്രസിഡണ്ട് വി.എം മുകുന്ദന്‍, സ്റ്റാഫ് സെക്രട്ടറി ഡി.കെ ജ്യോതിലാല്‍, മാഗസിന്‍ എഡിറ്റര്‍ വി.എം നകുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.