തിരുവോണത്തിനും വിശ്രമമില്ലാതെ കോവിഡ് വാര്‍ റൂം

post

മലപ്പുറം : കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും കരുതലോടെ ഓണം ആഘോഷിക്കുമ്പോള്‍ തിരുവോണത്തിനും വിശ്രമരഹിതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് ജില്ലാ കോവിഡ് വാര്‍ റൂം. ഓണവധികളോട് പോലൂം നോ പറഞ്ഞ് എല്ലാ ആഘോഷങ്ങള്‍ക്കും അവധി നല്‍കി പ്രവര്‍ത്തിക്കുകയാണ് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ഡി.എം.ഒ ഡോ കെ.സക്കീന, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം. സബ് കലക്ടര്‍  കെ.എസ് അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍  വിഷ്ണു രാജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കോവിഡ് വാര്‍ റൂമില്‍ 70 ഓളം അധ്യാപകരാണ് വിശ്രമരഹിതരായി പ്രവര്‍ത്തിക്കുന്നത്. കലക്ടറേറ്റില്‍ വാര്‍ റൂം തുടങ്ങിയ നാള്‍ മുതല്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണവര്‍. കോവിഡ് 19 പരിശോധനയില്‍ പോസിറ്റീവായ ആളുകളെ കോവിഡ് ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലും ആംബുലന്‍സുകളില്‍ എത്തിക്കാനുള്ള നടപടികളും പരിശോധനയില്‍ നെഗറ്റീവ് ആയ ആളുകളെ  പരിശോധന ഫലം വിളിച്ച് അറിയിക്കുകയും ചെയ്യുന്ന സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് വാര്‍ റൂമില്‍ നടക്കുന്നത്. പോസീറ്റീവായവരെ ആശുപത്രികളിലെത്തിച്ചു എന്ന കാര്യം ഉറപ്പുവരുത്തിയാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്.

രണ്ടു ഷിഫ്റ്റുകളിലായാണ് വാര്‍ റൂമിന്റെ പ്രവര്‍ത്തനം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെ ഒരു ടീമും വൈകീട്ട് നാല് മുതല്‍ 10 വരെ മറ്റൊരു ടീമുമമാണ് വാര്‍ റൂമിനെ നയിക്കുന്നത്.   കോവിഡ് പ്രതിരോധത്തിനായി അധ്യാപകരുടെ നിസ്വാര്‍ത്ഥമായ സേവനവും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനവുമാണ് തിരുവോണമുള്‍പ്പടെയുള്ള എല്ലാ അവധി ദിനങ്ങളിലും വാര്‍ റൂമിന് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് വാര്‍ റൂമിന്റെ ഇന്‍ ചാര്‍ജ് ഓഫീസര്‍ ജൂനിയര്‍ സൂപ്രണ്ട് പി. ഷിബു അഭിപ്രായപ്പെട്ടു. അധ്യാപകരോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ജീവനക്കാരും ആര്‍.ടി.ഒ ഉദ്യോഗസ്ഥരും വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയിലുണ്ട്. ഓരോ ദിവസവും ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവധികള്‍ക്കും ആഘോഷങ്ങള്‍ക്കും തത്ക്കാലം വിടപറയുകയാണ് വാര്‍ റൂമിലെ പ്രവര്‍ത്തകര്‍. ആഘോഷങ്ങളെ ജാഗ്രതയോടെ പൊരുതുകയാണിവര്‍.