അഴക് വര്‍ധിപ്പിച്ച് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍

post

തൃശൂര്‍ : അത്യാധുനിക സൗകര്യങ്ങളോടെ അഴക് വര്‍ധിപ്പിച്ച് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍.  ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്ത സ്റ്റേഷന്‍ നവീകരണം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി പത്മരാജന്റെയും ഇ ആര്‍ ബൈജുവിന്റെയും ആശയമാണ്. പൊതുജന പങ്കാളിത്തത്താല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്ന് കേരളത്തിലെ ഏറ്റവും അത്യാധുനിക സ്റ്റേഷന്‍ കെട്ടിടമെന്ന വിശേഷണത്തിന് അര്‍ഹമാണ്.

ഉയര്‍ന്ന നിലവാരമുളള ഹോട്ടലിന്റെ അകത്തളം കണക്കെ സുന്ദരമാണ് ഈ പൊലീസ് സ്റ്റേഷന്‍. റിസപ്ഷന്‍ മുതല്‍ പൊലീസുകാര്‍ക്കുള്ള വിശ്രമമുറികള്‍ വരെ മെച്ചപ്പെട്ട നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച മുറികളും ശില്‍പങ്ങളും ചിത്രങ്ങളും അലങ്കാരച്ചെടികളും കൊണ്ട് മനോഹരമാണ് സ്റ്റേഷന്‍. എവിടെ നിന്നുളളവര്‍ക്കും  കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ എല്ലായിടത്തും വിശദാംശങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. യൂണിഫോമുകള്‍ തൂക്കിയിടാന്‍ മികച്ച രീതിയിലുള്ള അലമാരകളും വിശ്രമിക്കാന്‍ ഡോര്‍മെറ്ററികളും. സ്റ്റേഷന്‍ റൈറ്റര്‍ സുമേഷിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ മാതൃകയില്‍ നവീകരിച്ച സ്റ്റേഷനില്‍ നിന്നും ഇനി മുതല്‍ കൂടുതല്‍ മികച്ച നിലവാരമുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക്  പ്രതീക്ഷിയ്ക്കാം.