സഹായ ഉപകരണ വിതരണ പദ്ധതി; വൈക്കത്ത് 154 പേരുടെ വൈദ്യ പരിശോധന നടത്തി

post

കോട്ടയം : ചലന വൈകല്യമുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും ആധുനിക സഹായ ഉപകരണങ്ങള്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി വൈക്കത്തു നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 154 പേരുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. നാനാടം സ്വാമി ആതുരദാസ് ജനശതാബ്ദി സ്മാരക സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിശോധനയില്‍ 135 പേര്‍ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു മുഖ്യപ്രഭാഷണം നടത്തി.  ജില്ലയില്‍ പ്രളയ ബാധിത മേഖലകളിലെ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സാക്ഷ്യപത്രമുള്ളവരെയാണ്  പദ്ധതിയില്‍ പരിഗണിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍(എന്‍.ഐ.പി.എം.ആര്‍), പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
പരിശോധനാ റിപ്പോര്‍ട്ട് വിലയിരുത്തി സഹായ ഉപകരണങ്ങള്‍ വേണ്ടവര്‍ക്ക് ഇവ അനുയോജ്യമായ അളവില്‍ നിര്‍മിച്ചു നല്‍കും.  സാമൂഹ്യ സുരക്ഷാ മിഷനാണ് ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോട്ടയം ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, എന്‍.ഐ.പി.എം.ആര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍ കുമാര്‍ അധ്യക്ഷനായിരുന്നു.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.പി. ചന്ദ്രബോസ്, എന്‍.ഐ.പി.എം.ആര്‍ ജോയിന്റ് ഡയറക്ടര്‍ ചന്ദ്രബാബു, ജില്ലാ  വനിതാ-ശിശു വികസന ഓഫീസര്‍  പി.എന്‍. ശ്രീദേവി, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ്, എസ്.ഐ.ഡി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൗഫല്‍.കെ മീരാന്‍, കടുത്തുരുത്തി സി.ഡി. പി.ഒ  അംബിക എന്നിവര്‍ പങ്കെടുത്തു.