അഞ്ച് വര്‍ഷത്തിനകം രണ്ട് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യും; മന്ത്രി ഇ.ചന്ദ്രശേഖരന്‍

post

ജില്ലയില്‍ വിതരണം ചെയ്തത് 2448 പട്ടയങ്ങള്‍

പാലക്കാട്: അഞ്ച് വര്‍ഷത്തിനകം രണ്ട് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക്  സംസ്ഥാന സര്‍ക്കാര്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത്് വിതരണം ചെയ്തത് 155000 പട്ടയങ്ങളാണ്. ജില്ലാ പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയവിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ പട്ടാമ്പി, അട്ടപ്പാടി ലാന്റ് ട്രിബ്യൂണലുകള്‍ സ്ഥാപിച്ചത്. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്ക് കൈവശാവകാശ രേഖ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 2448 പട്ടയങ്ങളുടെ വിതരോണ്ദാഘടനം മന്ത്രി നിര്‍വഹിച്ചു.

ജില്ലയില്‍ നാല് വര്‍ഷത്തില്‍ വിതരണം ചെയ്തത് 15104 പട്ടയങ്ങള്‍: മന്ത്രി എ.കെ ബാലന്‍

സര്‍ക്കാര്‍ കാലാവധിക്കുള്ളില്‍ എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പരിപാടിയില്‍ ഓണ്‍ലൈനായി അധ്യക്ഷനായ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള നാലു വര്‍ഷത്തിനകം പാലക്കാട് ജില്ലയില്‍ 15104 പട്ടയങ്ങളാണ് വിതരണം ചെയ്തിരിക്കുന്നത്. അടുത്ത നൂറു ദിവസത്തിനുള്ളില്‍ 10000 ക്രയസര്‍ട്ടിഫിക്കറ്റും 20000 പട്ടയങ്ങളും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിലും സര്‍ക്കാര്‍ ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി 4361 പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 3589 ഏക്കര്‍ ഭൂമിയും 16729 പട്ടികജാതി വിഭാഗക്കാര്‍ക്ക് 5 സെന്റ് ഭൂമി വീതവും നല്‍കിയിട്ടുണ്ട്. സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗങ്ങളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ക്ഷേമവും അടിസ്ഥാന വികസനവും ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായി ഭൂമി എന്നത് ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണെന്നും പട്ടയവിതരണത്തിലൂടെ സാധാരണക്കാരന്റെ സ്വപ്നമാണ് സര്‍ക്കാര്‍ സാക്ഷാത്ക്കരിക്കുന്നതെന്നും പരിപാടിയില്‍ വിശിഷ്ടാതിഥിയായ ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

ജില്ലയില്‍ 41 മിച്ചഭൂമി, 483 കെ.എസ്.ടി, 28  ഭൂമി പതിവ്, 164 ലക്ഷം വീട്/ 4 സെന്റ്, 1732 ലാന്റ് ട്രിബ്യൂണല്‍ വിഭാഗങ്ങളിലായി 2448 പട്ടയങ്ങളാണ് വിതരണം ചെയ്തത്.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്ക് ഉള്‍പ്പെടുന്ന ജില്ലാ തലത്തില്‍ ആറു പട്ടയങ്ങളാണ് വിതരണം ചെയ്തത്. മിച്ചഭൂമി വിഭാഗത്തില്‍ രണ്ടും കെ.എസ്.ടി വിഭാഗത്തില്‍ രണ്ടും ലക്ഷം വീട് വിഭാഗത്തില്‍ രണ്ടും പട്ടയങ്ങളാണ് വിതരണം ചെയ്തത്. കൂടാതെ പാലക്കാട് താലൂക്ക് ഒഴികെയുള്ള അഞ്ച് താലൂക്കുകളില്‍  അതത് എം.എല്‍.എ മാര്‍ അഞ്ചു പട്ടയങ്ങള്‍ വീതവും വിതരണം ചെയ്തു. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാക്കി പട്ടയങ്ങള്‍ താലൂക്കുകളില്‍ നിന്നുള്ള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് കൈപ്പറ്റാം.

കലക്ട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ എം.എല്‍.എ മാരായ കെ.വി.വിജയദാസ്, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എ.ഡി.എം ആര്‍.പി സുരേഷ്എന്നിവര്‍ പങ്കെടുത്തു. കൂടാതെ ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ ബന്ധപ്പെട്ട എം.എല്‍.എ മാരും ജനപ്രതിനിധികളും ഓണ്‍ലൈനായി പങ്കെടുത്തു.