കെ.എസ്.ആര്‍.ടി.സി ബസ് ഓണ്‍ ഡിമാന്‍ഡ് തിരുവല്ലയിലേക്കും

post

പത്തനംതിട്ട: യാത്രക്കാര്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ആവിഷ്‌ക്കരിച്ച ബസ് ഓണ്‍ ഡിമാന്‍ഡ് തിരുവല്ലയിലേക്കും. സ്വന്തം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെ ആകര്‍ഷിക്കുന്ന തരത്തിലാകും ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി തിരുവല്ലയില്‍ നടപ്പാക്കുന്നത്.  

തിരുവല്ല ഡിപ്പോയില്‍ നിന്നും ഈ സൗകര്യം ഉപയോഗിക്കുന്ന  യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പാക്കുകയും അവരവരുടെ ഓഫീസിന് മുന്നില്‍ ബസുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. 

ഈ സര്‍വീസുകളില്‍ 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രയ്ക്കായുള്ള 'ബോണ്ട്' ട്രാവല്‍ കാര്‍ഡുകള്‍ ഡിസ്‌കൗണ്ടോടു കൂടി കൈപ്പറ്റാം.  കോവിഡ് നിബന്ധനകള്‍ പാലിച്ച് പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ബസുകളാണ് 'ബോണ്ട്' സര്‍വീസിനായി ഉപയോഗിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും സാമൂഹ്യ അപകട ഇന്‍ഷ്വറന്‍സും ഉണ്ടായിരിക്കും. 

ഓരോ 'ബോണ്ട്' സര്‍വീസിന്റെയും യാത്രക്കാര്‍ക്കായി വാട്സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ബസിന്റെ തല്‍സമയ ലോക്കേഷന്‍ യാത്രക്കാരെ അറിയിക്കും. ആദ്യം ട്രാവല്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 20% പ്രത്യേക ഡിസ്‌കൗണ്ട് ഓഫറും ഉണ്ടായിരിക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും കോട്ടയം കളക്ടറേറ്റ്, പത്തനംതിട്ട, ആലപ്പുഴ, അടൂര്‍ എന്നിവിടങ്ങളിലേക്കാണ്  ബോണ്ട് സര്‍വീസ് ഉള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവല്ല കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായി ബന്ധപെടുക. ഫോണ്‍നമ്പര്‍ :- 0469 2602945, 0469 2601345, 9188526729, 7594856865