ആദ്യ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പാലക്കാട ്‌കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു
പാലക്കാട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആദ്യ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പാലക്കാട് കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു. പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ കെ.എസ്.ആര്‍.ടി.സി ഉത്തരമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി.രാജേന്ദ്രന്‍ ഫഌഗ് ഓഫ് നിര്‍വഹിച്ചു. ബോണ്ട് സര്‍വീസ് ജില്ലാ കോഡിനേറ്റര്‍ പി.എസ്.മഹേഷ് അധ്യക്ഷനായി.
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊതുഗതാഗതം അസാധ്യമായ തമിഴ്‌നാട്ടിലേക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖല ഉദ്യോഗസ്ഥര്‍ക്കായാണ് കെ.എസ്.ആര്‍.ടി.സി ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് തുടക്കമിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അന്തര്‍ സംസ്ഥാന സര്‍വീസും ആരംഭിച്ചിരിക്കുന്നത്. ബോണ്ട് സര്‍വീസ് പ്രകാരം രാവിലെ എട്ടിന് പാലക്കാട് നിന്നും ആരംഭിച്ച് 9.45 ന് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് എത്തുകയും വൈകീട്ട് 5.15 ന് കോയമ്പത്തൂരില്‍ നിന്നും തിരിച്ച് 6.45 ന് പാലക്കാട് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 32 യാത്രക്കാര്‍ ഇതിനകം പാസ് എടുത്തതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ബോണ്ട് യാത്രക്കാര്‍ ദിവസേന പോയി വരുന്നതിനുള്ള ഇ പാസ് കൈയില്‍ കരുതണം.
കോവിഡ് പശ്ചാത്തലത്തില്‍ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള അസൗകര്യം കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് തുടക്കം കുറിച്ചത്. നിലവില്‍ പാലക്കാട് നിന്നും ചിറ്റൂരില്‍ നിന്നും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലേക്കും എലവഞ്ചേരിയില്‍ നിന്ന് പാലക്കാട് സിവില്‍ സ്റ്റേഷനിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കാനും കെ.എസ്.ആര്‍.ടി.സി സജ്ജമാണ്.
പരിപാടിയില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ്, ഡിപ്പോ എഞ്ചിനീയര്‍ സുനില്‍, ഇന്‍സ്‌പെക്ടര്‍ കെ. വിജയകുമാര്‍, വി. സഞ്ജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് 9447152425, 8943489389 ല്‍ ബന്ധപ്പെടാം. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പ്രകാരം യാത്ര ചെയ്യാന്‍ താത്പര്യമുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖല ഉദ്യോഗസ്ഥര്‍ 9447152425, 8943489389 എന്നീ നമ്പറുകളിലോ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നേരിട്ടോ ബന്ധപ്പെടണമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ പാലക്കാട് യൂണിറ്റില്‍ നടപ്പാക്കിയിട്ടുണ്ട്. യാത്രാ പാസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിപ്പോയില്‍ ചെയ്ത് കൊടുക്കും.