സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ ജീവിത തണല്‍ കണ്ടെത്തി കമലാസനന്‍
പത്തനംതിട്ട: ''ഈ കിടപ്പില്‍ നിന്നും പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത എനിക്ക് ലഭിച്ച ഒരു കൈ സഹായമാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍...'' വീട്ടിലെ കട്ടിലില്‍ കിടന്നുകൊണ്ട് എഴുപതുകാരനായ പ്രമാടം ചരുവില്‍ മേലേമുറിയില്‍ കമലാസനന്‍ ഇതു പറയുമ്പോള്‍ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കമലാസനന് തുണയായത് സാമൂഹികക്ഷേമ പെന്‍ഷന്റെ രൂപത്തില്‍ എത്തിയ സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ കരങ്ങളാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പനിയുടെ ചികിത്സയ്ക്കായി എത്തിയ കമലാസനന് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലം നഷ്ടമായത് ഇടത്തേ കാലിന്റെ സ്വാധീനമാണ്. ജീവിക്കാനായി പ്രമാടത്ത് മുറുക്കാന്‍ കട നടത്തുകയായിരുന്നു അന്ന് കമലാസനന്‍. കാലിന്റെ സ്വാധീനം നഷ്ടമായപ്പോഴും ജീവിതത്തോട് പൊരുത്തപ്പെട്ട് വിധിയോട് പോരാടാന്‍ കമലാസനനു കഴിഞ്ഞു. എന്നാല്‍, അവിടെയും ദുരിതങ്ങള്‍ തീര്‍ന്നില്ല. അഞ്ച് വര്‍ഷം മുമ്പ് സൂറത്തിലുള്ള സഹോദരങ്ങളെ കാണാന്‍ ട്രെയിന്‍ കയറിയ കമലാസനന് യാത്രയ്ക്കിടയില്‍ മറ്റൊരു അപകടമുണ്ടായി. സ്റ്റേഷനില്‍ ഇറങ്ങി ചായ കുടിച്ച് തിരികെ കയറാന്‍ ഒരുങ്ങുമ്പോള്‍ ട്രെയിന്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കമലാസനന്റെ വലത് കൈയിലെ രണ്ടു വിരലും കഴുത്തിന്റെ ചലന ശേഷിയും നഷ്ടമായി. പിന്നീടുള്ള ജീവിതം കട്ടിലില്‍ തന്നെയായി. പരസഹായം കൂടാതെ എഴുന്നേല്‍ക്കാനോ ആഹാരം കഴിക്കാനോ പറ്റാതെയായി. ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലുമായി.
സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൃത്യമായി വീട്ടില്‍ എത്തിക്കുന്നതിനാല്‍ മുടങ്ങാതെ മരുന്നുകള്‍ വാങ്ങാന്‍ കമലാസനന് സാധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ കരുതലും ഭാര്യ സരോജിനിയുടെയും മകന്‍ ബിനുവിന്റെയും കുടുംബത്തിന്റെയും സ്‌നേഹ സാന്ത്വനവുമാണ് കമലാസനന്റെ ജീവിതത്തിലെ ആശ്വാസ തണല്‍.