മെഡിക്കല്‍ കോളേജ് റോഡ് ഗതാഗതയോഗ്യമാക്കാന്‍ 23 ലക്ഷം അനുവദിച്ച് എംഎല്‍എ

post

നാലു ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍

പത്തനംതിട്ട: കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്കുള്ള റോഡില്‍ വട്ടമണ്‍ ജംഗ്ഷന് സമീപമുള്ള തകര്‍ന്ന ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് 23 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. വട്ടമണ്ണില്‍ നിന്നും നിലവിലുള്ള നാലുവരിപ്പാത തുടങ്ങുന്നതു വരെയുള്ള ജില്ലാ പഞ്ചായത്ത് റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാത്ത നിലയിലായിരുന്നു.

മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടും റോഡ് ഗതാഗതയോഗ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. തുക അനുവദിച്ച് എംഎല്‍എ കത്ത് നല്‍കിയ ഉടന്‍ തന്നെ ജില്ലാ ഭരണകൂടം നിര്‍മാണത്തിനായി ഭരണാനുമതി നല്‍കി.

തകര്‍ന്ന ഭാഗത്ത് പുട്ടുകട്ട പാകി ഗതാഗത യോഗ്യമാക്കാനാണ് പണം അനുവദിച്ചത്. കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നതിനു വേണ്ടി പരിശോധന നടത്തിയ ഉദ്യോഗസ്ഥരും ഈ ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. 

ഉദ്ഘാടനത്തിനു മുന്‍പ് റോഡ് പൂട്ടുകട്ട പാകി ഗതാഗതയോഗ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞു. ജോലി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത ജില്ലാ ഭരണകൂടത്തിനു ബോധ്യമായിട്ടുണ്ട്. അതു കൊണ്ടു തന്നെ ഉദ്യോഗസ്ഥര്‍ വളരെ വേഗത്തില്‍ നിര്‍മാണത്തിനുള്ള നടപടി പൂര്‍ത്തിയാക്കുകയാണ്.

നാല് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. ഇതിനായുള്ള കര്‍ശന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

മെഡിക്കല്‍ കോളജ് ഉദ്ഘാടനം: ഒരുക്കങ്ങള്‍ എംഎല്‍എമാര്‍ വിലയിരുത്തി

കോന്നി മെഡിക്കല്‍ കോളജിലെ എംഎല്‍എ സംഗമം ഉദ്ഘാടന ഒരുക്കങ്ങള്‍ക്കുള്ള ചര്‍ച്ചാവേദിയായി മാറി. സിസിടിവി സിസ്റ്റവും, പിഎ സിസ്റ്റവും കമ്മീഷന്‍ ചെയ്യാനാണ് റാന്നി എംഎല്‍എ രാജു ഏബ്രഹാമും, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും മെഡിക്കല്‍ കോളജിലെത്തിയത്. മെഡിക്കല്‍ കോളജ് ഉദ്ഘാടന പ്രവര്‍ത്തനവുമായി ഓടി നടക്കുന്ന കോന്നി എംഎല്‍എ കെ. യു. ജനീഷ് കുമാര്‍ കൂടി ആയപ്പോള്‍ എംഎല്‍എമാര്‍ മൂന്നു പേരായി. 

മെഡിക്കല്‍ കോളജ് നോക്കിക്കണ്ട എംഎല്‍എമാരുടെ ചര്‍ച്ചയും ഉദ്ഘാടനത്തെക്കുറിച്ചായി. ഓണ്‍ലൈന്‍ ഉദ്ഘാടനവും, യോഗത്തിന്റെ സംഘാടനവും സംബന്ധിച്ച് രണ്ട് എംഎല്‍എമാരും കോന്നി എംഎല്‍എയുമായി വിശദമായി ചര്‍ച്ചനടത്തുകയും, നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒരു കുറവും വരാതിരിക്കാന്‍ കോന്നി എംഎല്‍എയുടെ പൂര്‍ണ സമയ സാന്നിധ്യം  ഇനിയുള്ള ദിവസങ്ങളില്‍ മെഡിക്കല്‍ കോളജില്‍ തന്നെ ഉണ്ടാകണമെന്ന ഉപദേശവും അവര്‍ നല്‍കി. ജില്ലയിലെ തന്നെ മുതിര്‍ന്ന ജനപ്രതിനിധികളുടെ സാന്നിധ്യവും, പിന്‍തുണയും തനിക്കു വളരെയധികം കരുത്തു നല്‍കുന്നതായി കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയും പറഞ്ഞു.