സാഹചര്യം അനുകൂലമായാല്‍ സ്‌കൂളുകള്‍ എത്രയും വേഗം സാധാരണഗതിയില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

post

സംസ്ഥാനത്തെ 34 സ്‌കൂളുകള്‍കൂടി അന്താരാഷ്ട്ര നിലവാരത്തില്‍

കോഴിക്കോട് : സാഹചര്യം അനുകൂലമായാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ എത്രയും വേഗം സാധാരണഗതിയില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത്  'മികവിന്റെ കേന്ദ്രം' പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 34 സ്‌കൂളുകളുടെ ഉദ്ഘാടനം വീഡിയോകോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജൂണ്‍ ഒന്നിനുതന്നെ അക്കാദമിക ക്ലാസ്സുകള്‍ ഓണ്‍ലൈനായി ആരംഭിക്കാന്‍ നമുക്ക് കഴിഞ്ഞു.  നാടും നാട്ടുകാരും ബന്ധപ്പെട്ടവരും ഒറ്റക്കെട്ടായി നിന്നതിലൂടെയാണ് ഇത് സാധ്യമായത്.  ഇക്കാര്യത്തില്‍ ജാതിമത ഭേദമെന്യേ സമൂഹം ഒറ്റക്കെട്ടായി നിന്നു.  നാം ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിജയകരമായി നടപ്പാക്കിയെന്ന് നമുക്ക് അഭിമാനത്തോടെ പറയാനാകും.  ലോകത്തിനു മുന്നില്‍ അഭിമാനത്തിന്റെ ഇത്തരം മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.  നീതി ആയോഗിന്റെ സ്‌കൂള്‍ എജ്യുക്കേഷന്‍ ക്വാളിറ്റി ഇന്‍ഡെക്സില്‍ കേരളം മുന്നിലെത്തിയത് ഈ കൂട്ടായ്മയുടെ വിജയമാണ്.  ഇതിനു സഹകരിച്ച വിദ്യാഭ്യാസ വകുപ്പിനെയും അധ്യാപകരെയും ബന്ധപ്പെട്ടവരെയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.   

വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുദ്ദേശിക്കുന്നത് എല്ലാ നിയോജകമണ്ഡലങ്ങളിലുമാണ്.  പക്ഷപാതരഹിതമായി എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും.  നേരത്തേ 22 സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.  ശേഷിക്കുന്നവയും ഉടനെ പൂര്‍ത്തിയാക്കും.  ഇതില്‍ നാട്ടുകാരുടെ സേവനവും ആവശ്യമാണ്.  250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്ത് 45,000 സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ ഹൈ- ടെക്കായി മാറി.  പ്രൈമറി സ്‌കൂളുകളില്‍ ഉള്‍പ്പെടെ സ്മാര്‍ട്ട് ക്ലാസ്സ് റൂം സജ്ജമാക്കി.  അധ്യാപകര്‍ക്ക് അത്തരത്തില്‍ സാങ്കേതിക പരിജ്ഞാനം നല്‍കുകയും ചെയ്തു.  കെ- ഫോണ്‍ വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.   

കോവളം മുതല്‍ കൂത്തുപറമ്പ് വരെയുള്ള 34 നിയോജകമണ്ഡലങ്ങളിലെ സ്‌കൂളുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്തത്.  ഇതില്‍ കോഴിക്കോട് ജില്ലയിലെ എട്ടു സ്‌കൂളുകളും ഉള്‍പ്പെടും. വിദ്യാഭ്യാസ വകുപ്പിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണ് 'മികവിന്റെ കേന്ദ്രം' പദ്ധതി. 

വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.  മന്ത്രിമാരായ കെ.കെ.ശൈലജ ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ സ്വാഗതവും ഡയറക്ടര്‍ ജീവന്‍ ബാബു നന്ദിയും പറഞ്ഞപൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വലിയ ഊര്‍ജ്ജമാണ് പൊതുവിദ്യാഭ്യാസ രംഗത്തിന് നല്‍കിയത്. അടിസ്ഥാനസൗകര്യ വികസനത്തിനായി 3129 കോടി രൂപയാണ് മാറ്റിവെച്ചത്. 350-ലധികം വിദ്യാലയങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടുപയോഗിച്ചും അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നുണ്ട്.  മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 14 സ്‌കൂള്‍ കെട്ടിടങ്ങളുടെ പൂര്‍ത്തീകരണം നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിര്‍വ്വഹിക്കും.   250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും.