ഗവ മെഡിക്കല്‍ കോളേജില്‍ കോവിഡ് ഐസിയു
തൃശൂര്‍ : ഗവ മെഡിക്കല്‍ കോളേജില്‍ പുതിയ കോവിഡ് ഐ.സി.യു പ്രവര്‍ത്തനം തുടങ്ങി. ആറ് കട്ടിലുകളുള്ള ഐ.സി.യുവാണ് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചത്. രമ്യ ഹരിദാസ് എം.പി ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഐ.സി.യു ഒരുക്കിയത്. ഇതോടെ കോവിഡിന് മാത്രമായി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ ഐ.സി.യു കട്ടിലുകളുടെ എണ്ണം പതിനെട്ടായി. ഓരോ കട്ടിലിലും മോണിറ്ററും, വെന്റിലേറ്റര്‍ ഘടിപ്പിക്കാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ഐ.സി.യു ചികിത്സയ്ക്ക് ഏറെ സഹായകമാകും. കോവിഡ് ഭീതി ഒഴിയുമ്പോള്‍ ഈ ഐസിയു ന്യൂറോ സര്‍ജറി വിഭാഗത്തില്‍ തുടര്‍ന്നു പ്രവേശിക്കപ്പെടുന്ന രോഗികള്‍ക്ക് ഉപകാരപ്രദമാകും. ഐ.സി.യുവിന്റെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം.പി നിര്‍വ്വഹിച്ചു. രമ്യ ഹരിദാസ് എം.പി, ടി. എന്‍ പ്രതാപന്‍ എം.പി, അനില്‍ അക്കര എം.എല്‍.എ, പുഴയ്ക്കല്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുരിയാക്കോസ്, ജില്ലാ കളക്ടര്‍ എസ്.ഷാനവാസ്, പ്രിന്‍സിപ്പല്‍ ഡോ.എം.എ.ആന്‍ഡ്രൂസ്, ആശുപത്രി സൂപ്രണ്ടുമാരായ ഡോ.ആര്‍.ബിജുകൃഷ്ണന്‍, ഡോ.ഷെഹ്ന എ ഖാദര്‍, ഡോ.ലിജോ കൊള്ളന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.