താവം റയില്‍വേ മേല്‍പാലം ഉന്നത സംഘം സന്ദര്‍ശിച്ചു

post

കണ്ണൂര്‍ : പിലാത്തറ പാപ്പിനിശേരി കെ എസ് ടി പി റോഡില്‍ താവം റയില്‍വേ മേല്‍പാലത്തില്‍ തകരാറിലായ എക്സ്പാന്‍ഷന്‍ ജോയിന്റ്  മാറ്റി സ്ഥാപിക്കുന്നതുമായി  ബന്ധപ്പെട്ട്  ടി വി രാജേഷ് എം എല്‍ എയുടെ നിര്‍ദേശ പ്രകാരം കെ എസ് ടി പി ഉന്നത ഉദ്യോഗസ്ഥര്‍ മേല്‍പാലത്തില്‍ പരിശോധനകള്‍ നടത്തി. ഈ ഭാഗത്തിന്റെ പ്രവൃത്തി റയില്‍വേയാണ് നിര്‍വഹിച്ചത്. ഇതിനാല്‍ പ്രശ്ന പരിഹാരത്തിന് പാലക്കാട്  റയില്‍വേ സീനിയര്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ക്ക് എംഎല്‍എ കത്ത് നല്‍കിയിരുന്നു.

എന്നാല്‍ മെയിന്റനന്‍സ് പ്രവൃത്തി റയില്‍വേക്ക് നിര്‍വഹിക്കാന്‍ സാധിക്കില്ല എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കെഎസ്ടിപിക്കും എംഎല്‍എ കത്ത് നല്‍കുകയായിരുന്നു. ജോയിന്റ് വെല്‍ഡ് ചെയ്ത് കെഎസ്ടിപി വിഭാഗം താല്‍കാലിക പരിഹാരം ഉണ്ടാക്കിയിരുന്നുവെങ്കിലും അപാകതകള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. നിലവിലെ അവസ്ഥയില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കണക്കിലെടുത്ത് വേഗത്തില്‍ എക്സ്പാന്‍ഷന്‍ ജോയിന്റ് മാറ്റി സ്ഥാപിക്കണമെന്ന എംഎല്‍എയുടെ നിര്‍ദ്ദേശം കെഎസ്ടിപി ഉദ്യോഗസ്ഥര്‍ക്ക് അംഗീകരിച്ചു. എത്രയും വേഗത്തില്‍ ജോയിന്റ് മാറ്റി സ്ഥാപിക്കുമെന്ന് കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ വി എസ് മനീഷ അറിയിച്ചു. അസി. എഞ്ചിനിയര്‍ കെ എം മനോജും സംഘത്തിലുണ്ടായിരുന്നു.