കോന്നി ഗവ.മെഡിക്കല്‍ കോളജിലെ മൂന്നാമത്തെയും,നാലാമത്തെയും ലിഫ്ടുകള്‍ കമ്മീഷന്‍ ചെയ്തു

post

പത്തനംതിട്ട : കോന്നി ഗവ.മെഡിക്കല്‍ കോളജിലെ നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്നാമത്തെയും, നാലാമത്തെയും ലിഫ്റ്റ്കളുടെ കമ്മീഷനിംഗ് നടത്തി.   അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും, ജില്ലാ കളക്ടര്‍ പി.ബി. നൂഹും  ഓരോ ലിഫ്റ്റുകള്‍ വീതം നാടമുറിച്ചാണ് കമ്മീഷനിംഗ് നടത്തിയത്.

       ആശുപത്രി ബില്‍ഡിംഗില്‍ ഇതോടെ നാല് ലിഫ്റ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി. രണ്ടെണ്ണത്തിന്റെ കമ്മീഷനിംഗ് നേരത്തേ നടത്തിയിരുന്നു. 20 ആളുകള്‍ക്ക് കയറാനും, സ്ട്രക്ച്ചര്‍ കയറ്റാനും കഴിയുന്ന ബഡ് ലിഫ്റ്റാണ് കമ്മീഷന്‍ ചെയ്തത്. ഒരു ലിഫ്റ്റിന് 40 ലക്ഷം രൂപ വീതം 80 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. മുംബൈ ആസ്ഥാനമായ കോണ്‍എ കമ്പനിയാണ് നിര്‍മാണം നടത്തിയത്.കമ്മീഷനിംഗിനു ശേഷം എംഎല്‍എയും കളക്ടറും ലിഫ്റ്റില്‍ കയറി മുകള്‍നിലയില്‍ സന്ദര്‍ശനം നടത്തി. എംഎല്‍എയോടും, കളക്ടറോടുമൊപ്പം മെഡിക്കല്‍ കോളജ് സൂപ്രണ്ട്

  ഡോ.സജിത്കുമാര്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍.രതീഷ് കുമാര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൊജക്ട് മാനേജര്‍ അജയകുമാര്‍ തുടങ്ങിയവര്‍ കമ്മീഷനിംഗില്‍ പങ്കെടുത്തു.

അവസാനവട്ട ഒരുക്കങ്ങള്‍ എംഎല്‍എയും ജില്ലാ കളക്ടറും വിലയിരുത്തി

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഒപി വിഭാഗം ഉദ്ഘാടനം ചെയ്യുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും വിലയിരുത്തി. ഉദ്ഘാടനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നടുത്തളത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രിയും, മന്ത്രിമാരും ഓണ്‍ലൈനായാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. എല്ലാവര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന നിലയിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്.

       ഒപി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ മുറികളും, വെയിറ്റിംഗ് ഏരിയായും, നഴ്സിംഗ് സ്റ്റേഷന്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്കാവശ്യമായ സൗകര്യങ്ങളും ക്രമീകരിച്ചു കഴിഞ്ഞു.  നെയിംബോര്‍ഡുകളെല്ലാം നാളെത്തന്നെ സ്ഥാപിക്കും. അവസാനവട്ട ക്ലീനിംഗ് ജോലികളും, ആശുപത്രി കെട്ടിടത്തിന്റെ പരിസരത്തിന്റെ ലെവലിംഗും ദ്രുതഗതിയില്‍ നടക്കുകയാണ്.

       ഉദ്ഘാടന ചടങ്ങില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അന്‍പതില്‍ താഴെ എണ്ണം ആളുകള്‍ക്കു മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനമുള്ളു. പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധനയുടെ ഭാഗമായി ആന്റിജന്‍ ടെസ്റ്റ് നടത്തും. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി വരുന്നതായി എംഎല്‍എ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും മെഡിക്കല്‍ കോളജില്‍ കേന്ദ്രീകരിച്ചു നിന്ന് ഉദ്ഘാടന ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.