നാലര വര്‍ഷത്തെ ആരോഗ്യ മേഖലയുടെ വളര്‍ച്ച തള്ളിക്കളയാനാവില്ല: മുഖ്യമന്ത്രി

post

കോന്നി മെഡിക്കല്‍ കോളേജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒ. പി വിഭാഗത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പത്തനംതിട്ട : കഴിഞ്ഞ നാലര വര്‍ഷ കാലയളവിലെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ച തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒ. പി വിഭാഗത്തിന്റേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ജില്ല, ജനറല്‍ ആശുപത്രികള്‍ കൂടുതല്‍ മികച്ച നിലയിലും ആയിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യത്തിനു നേരേ കണ്ണടയ്ക്കാനാവില്ല. നാട്ടിലെ ജനങ്ങളും മറ്റു സംസ്ഥാനങ്ങളും രാജ്യവും ലോകവും കേരളത്തിന്റെ നേട്ടം അംഗീകരിക്കുമ്പോഴും അതിനു കഴിയാത്ത മാനസികാവസ്ഥയിലുള്ളവര്‍ നാട്ടിലുണ്ട്.

കോവിഡ് മഹാമാരിയെ നല്ലരീതിയില്‍ പിടിച്ചു നിര്‍ത്തിയതിലും അവര്‍ക്ക് വിഷമമായിരുന്നു. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും മരണ നിരക്ക് നല്ല രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. ലോകത്തിലെ മുന്‍നിര പ്രദേശങ്ങളുടെ പട്ടികയിലാണ് കേരളം. അതിലും ഇക്കൂട്ടര്‍ക്ക് വിഷമമുണ്ട്. ശരിയായ കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കാനുള്ള ശ്രമമുണ്ടാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളേജിനായി 351 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. മാസ്റ്റര്‍പഌന്‍ ലഭിക്കുന്ന മുറയ്ക്ക് കിഫ്ബിയില്‍ നിന്ന് തുക ലഭ്യമാക്കി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കും. പത്തനംതിട്ട ജില്ലയ്ക്ക് മാത്രമല്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും കോന്നി മെഡിക്കല്‍ കോളേജ് പ്രയോജനപ്പെടും. അടുത്ത ഘട്ട വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടേകാല്‍ ലക്ഷം വീടുകള്‍ ലൈഫ് മിഷന്‍ വഴി പൂര്‍ത്തിയാക്കി. ഈ ജന്‍മത്തില്‍ സ്വന്തമായി വീടു വയ്ക്കാന്‍ സാധിക്കാത്ത നിരവധി കുടുംബങ്ങള്‍ ഇന്ന് സ്വന്തം വീട്ടില്‍ കഴിയുന്നു. വീടുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞത് നാടിന്റെ നേട്ടമാണ്. അതിനെ ചിലര്‍ കരിവാരിതേയ്ക്കാന്‍ ശ്രമിക്കുന്നു. ലൈഫിലെ ബാക്കി വീടുകളുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വനം മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തി. എം. എല്‍. എമാരായ കെ. യു. ജനീഷ്‌കുമാര്‍, രാജു എബ്രഹാം, വീണാജോര്‍ജ്, ജില്ലാ കളക്ടര്‍ പി. ബി നൂഹ്, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.