കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസിന് തുടക്കം

post

മലപ്പുറം : കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ്  ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്തു. വൈകീട്ട്  അഞ്ചിനാണ്  മലപ്പുറത്ത് നിന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് ആദ്യ ബോണ്ട് സര്‍വീസ് ആരംഭിച്ചത്. കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ  ജീവനക്കാര്‍ ആദ്യ യാത്രയുടെ ഭാഗമായി. കൈകള്‍ അണുവിമുക്തമാക്കിയും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചുമാണ് യാത്രക്കാരെ ബസില്‍ പ്രവേശിപ്പിച്ചത്. മലപ്പുറത്ത് നിന്ന് കടലുണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ബോണ്ട് സര്‍വീസ് നടത്തുവാനുള്ള നടപടികള്‍ ആരംഭിച്ചതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വഴിക്കടവ് ഭാഗത്തേക്ക് ബോണ്ട് സര്‍വീസ് ആരംഭിക്കും. താത്പര്യമുള്ളവര്‍ക്ക് 9400491362, 9946342249, 9495099912, 94472 03014 ബന്ധപ്പെടാം.

സ്ഥിരമായി ഓഫീസ് യാത്രകള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി (ബോണ്ട്) കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ചത്.  ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പായിരിക്കും. അവരവരുടെ ഓഫീസിന് മുന്നില്‍ നിന്ന് യാത്രക്കാരെ ബസില്‍ ഇറക്കുകയും കയറ്റുകയും ചെയ്യും.

യാത്രക്കാരുടെ ലാസ്റ്റ്‌മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് ഇരുചക്ര വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഈ സര്‍വീസുകളില്‍ 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രക്കുള്ള ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ ഡിസ്‌കൗണ്ടോടു കൂടി കൈപ്പറ്റാം. കോവിഡ് നിബന്ധനകള്‍ പൂര്‍ണമായും പാലിച്ച് അണുവിമുക്തമാക്കിയ ബസുകളാണ് ബോണ്ട് സര്‍വീസിനായി ഉപയോഗിക്കുന്നത്.

കലക്ടറേറ് പരിസരത്ത് നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ കെ.എസ് അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, സോണല്‍ ട്രാഫിക് ഓഫീസര്‍ ജോഷി ജോണ്‍, മലപ്പുറം അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ സി.കെ രത്‌നാകരന്‍, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ റമീസ്, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ശൈലേഷ് കുമാര്‍, ബോണ്ട് സര്‍വീസ് കണ്‍വീനര്‍ കെ. പ്രദീപ്, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, കലക്ടറേറ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.