മഹിളാസമാജം തൊഴില്‍ പരിശീലന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

post

തൃശൂര്‍ : എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാറളത്തെ മഹിളാ സമാജം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 11,50,000 രൂപ ഉപയോഗിച്ചാണ് സ്ത്രീകള്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കാറളം എ എല്‍ പി സ്‌കൂളിന് സമീപം മഹിളാസമാജത്തിന് സംഭാവനയായി ലഭിച്ച സ്ഥലത്താണ് പരിശീലന കേന്ദ്രത്തിന്റെ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഹാളും പ്രവര്‍ത്തകര്‍ക്കുള്ള ഓഫീസ് മുറിയും ശുചിമുറിയും അടങ്ങുന്നതാണ് തൊഴില്‍ പരിശീലന കേന്ദ്രം. ജൈവ പച്ചക്കറി, ജൈവവളം തുടങ്ങിയവയുടെ വിപണന കേന്ദ്രം ആരംഭിക്കുന്നതിനോടൊപ്പം ടൈലറിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനും കൂടുതല്‍ സ്ത്രീകള്‍ക്ക് ടൈലറിംഗ് പഠിപ്പിക്കുന്നതിനുമാണ് മഹിളാസമാജം തൊഴില്‍ പരിശീലന കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. 55 അംഗങ്ങളുള്ള മഹിളാസമാജം കമ്മിറ്റിയില്‍ പ്രവര്‍ത്തന നിര്‍വ്വഹണത്തിന്റെ ഭാഗമായി 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

മഹിളാ മന്ദിരത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ്കുമാര്‍ എന്നിവര്‍ മുഖ്യാഥിതികളായി. ബ്ലോക്ക് മെമ്പര്‍ ഷംല അസീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ്, വാര്‍ഡ് മെമ്പര്‍മാരായ ഐ. ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, കെ. വി. ധനേഷ് ബാബു എന്നിവര്‍ സംസാരിച്ചു. മഹിളാ സമാജം പ്രസിഡന്റ് കനകം പദ്മനാഭന്‍ സ്വാഗതവും സെക്രട്ടറി രാജി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.