ജില്ലയുടെ സര്‍വ്വ മേഖലകളിലും വികസനം ലക്ഷ്യം: റവന്യു മന്ത്രി
കാസര്‍ഗോഡ് : കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറി സമഗ്ര മേഖലയിലും വേഗതയിലുള്ള വികസനം സാധ്യമാകാന്‍ പ്രഭാകരന്‍ കമ്മീഷന്‍ വിഭാവനം ചെയ്ത കാസര്‍കോട് ഡവലപ്പ്മെന്റ് പാക്കേജിന് സാധിച്ചുവെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അജാനൂര്‍ പഞ്ചായത്തില്‍ മൂലക്കണ്ടം വെള്ളിക്കോത്ത്മഡിയന്‍ റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കാസര്‍കോടിന്റെ വിദ്യാഭ്യാസ, ഗതാഗത, വൈദ്യുത, കാര്‍ഷിക, അടിസ്ഥാന സൗകര്യ മേഖലകളിലും മറ്റ് വിവിധ മേഖലകളിലും സമഗ്ര വികസനമാണ് നടന്നതെന്നും സര്‍ക്കാര്‍ അതി നൂതന പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
മൂലക്കണ്ടം വെള്ളിക്കോത്ത് മഡിയന്‍ റോഡ് നവീകരണ പ്രവൃത്തി റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു
അജാനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ചന്ദ്രഗിരി സംസ്ഥാനപാതയെയും കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയപാതയെയും പരസ്പരം ബന്ധിപ്പിക്കുന്ന മൂലക്കണ്ടം വെള്ളിക്കോത്ത് മഡിയന്‍ റോഡ് നവീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി. റോഡ് പ്രവൃത്തി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശരന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 4.73 കോടി രൂപയാണ് റോഡ് നവീകരണത്തിനായി വകയിരുത്തിയിട്ടുള്ളത്. 4.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിലവിലുള്ള 3.5 മീറ്റര്‍ വീതി 5.50 മീറ്ററായി വര്‍ധിപ്പിച്ച് വീതിയും 3.80മീ ഘനവും നല്‍കി നവീകരിക്കും. പദ്ധതിയില്‍ ബി.എം. ആന്‍ഡ് ബി.സി. പോലുള്ള ഘടനാപരമായ പാളികള്‍ ഉപയോഗിച്ച് പാത നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് റോഡ് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പദ്ധതിയില്‍ 800 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ഓവുചാലും കലുങ്കുകളും റോഡ് സുരക്ഷാ ട്രോഫിക് ബോര്‍ഡുകളും സ്ഥാപിക്കും.
കേരള സര്‍ക്കാറിന്റെ പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന നയത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന റോഡിന്റെ മൊത്തം ദൂരത്തില്‍ ഒരു കിലോമീറ്റര്‍ ഷ്റെഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് റോഡ് ടാര്‍ ചെയ്യുന്നത്. ബിറ്റുമിനസ് മിശ്രിതത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യവും ചേര്‍ത്ത് റോഡ് നിര്‍മിക്കുന്ന രീതിയാണിത്. പ്ലാസ്റ്റിക് റോഡ് നിര്‍മാണം മാലിന്യ പ്ലാസ്റ്റിക് മാനേജ്മെന്റിന് വളരെയധികം ഗുണകരവും ഗ്രീന്‍ പ്രോട്ടോക്കോളിനെ ശക്തിപ്പെടുത്തുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അജാനൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് റോഡ് പൂര്‍ത്തിയാകുന്നതിലൂടെ പൂര്‍ത്തിയാകുന്നത്. ഒന്‍പ്ത് മാസമാണ് പ്രവൃത്തിയുടെ കാലയളവ് നിശ്ചയിച്ചിരിക്കുന്നത്.
ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ അധ്യക്ഷനായി. പി.ഡബ്ല്യൂ.ഡി റോഡ്സ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്മോഹന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, അജാനൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.