സര്‍ക്കാര്‍ ശ്രമം പൊതുമേഖലയെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടല്‍ : മുഖ്യമന്ത്രി

post

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടിയെടുക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.6 കോടി രൂപയായിരുന്നു. ഭരണത്തിന്റെ ആദ്യ വര്‍ഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. പിന്നീട്  തുടര്‍ച്ചയായ മൂന്നു വര്‍ഷവും ഈ സ്ഥാപനങ്ങളില്‍ പലതും ലാഭത്തിലായി. 2015-16ല്‍ എട്ട് പൊതുമേഖലാ കമ്പനികളാണ് ലാഭത്തിലുണ്ടായിരുന്നത്. 2019-20ല്‍ പതിനഞ്ച് കമ്പനികള്‍ ലാഭത്തിലാണ്.

2017-18ല്‍ അഞ്ചു കോടിയും 2018-19ല്‍ എട്ടു കോടിയുമായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭം. 2019-20ല്‍ പ്രവര്‍ത്തന ലാഭം 56 കോടി രൂപയാണ്. ഈ മികച്ച നേട്ടം പൊതുമേഖലയോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ ഫലമാണ്. ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ച സ്ഥാപനങ്ങള്‍ പോലും  സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

കുണ്ടറ കേരളാ സിറാമിക്‌സിലെ നവീകരിച്ച പ്ലാന്റുകളുടെയും പുതിയ പ്രകൃതി വാതക പ്ലാന്റിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൊതുമേഖലാ വ്യവസായങ്ങള്‍ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നയത്തിന്റെ ഭാഗമായാണ് കുണ്ടറ സിറാമിക്‌സിലെ നവീകരണവും വ്യവസായ വകുപ്പ് ഏറ്റെടുത്തത്.

ഇതോടെ ഇവിടെ ആകെയുള്ള അഞ്ചു പ്ലാന്റുകളുടെയും നവീകരണം പൂര്‍ത്തിയായി. അതിനൊപ്പം പ്രകൃതിവാതക പ്ലാന്റും ആരംഭിക്കുന്നു. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന ഈ സ്ഥാപനത്തെ രക്ഷിക്കുന്നതിന് 2017ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ 23 കോടി രൂപയുടെ സമഗ്ര പുനരുദ്ധാരണ പദ്ധതി ഇതിലൂടെ പൂര്‍ത്തിയാവുകയാണ്.

പൊതുമേഖലാ വ്യവസായങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് കെഎംഎംഎല്‍ ആണ്. 2018-19ല്‍ 163 കോടി രൂപയാണ് ലാഭം. അതിനു തൊട്ടുമുമ്പത്തെ വര്‍ഷം 181 കോടി രൂപ ലാഭമുണ്ടായി.  

കോവിഡ് മഹാമാരി നമ്മുടെ വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിച്ചതിനാല്‍ വിവിധ പ്രോത്സാഹന പദ്ധതികളിലൂടെ ഈ സാഹചര്യം മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മചെറുകിടഇടത്തരം വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇപ്പോള്‍ കഴിയും. ഇതിനുവേണ്ടി നിയമം കൊണ്ടുവന്നു. ഇതുപ്രകാരം 2020 ജനുവരി മുതല്‍ ഇന്നുവരെ 4042 സംരംഭകര്‍ക്ക് അനുമതി നല്‍കി. 958 കോടിയുടെ നിക്ഷേപം ഇതുവഴി സംസ്ഥാനത്തുണ്ടായി. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങളാണ് മുന്‍കൂര്‍ അനുമതിയില്ലാതെ തുടങ്ങാന്‍ കഴിയുക.

വ്യവസായ നിക്ഷേപത്തിനുള്ള അനുമതി വേഗത്തിലാക്കുന്നതിന് കെസ്വിഫ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തി. ഇതുപ്രകാരം 9261 പേര്‍ രജിസ്റ്റര്‍ ചെയ്തു. 906 പേരാണ് അപേക്ഷകള്‍ പൂര്‍ണമായും സമര്‍പ്പിച്ചത്. ഇവരില്‍ 171 പേര്‍ക്ക് അനുമതി നല്‍കി. 237 പേര്‍ കല്‍പ്പിത അനുമതിയോടെ വ്യവസായം തുടങ്ങി. 3600 കോടി രൂപ മുതല്‍മുടക്ക് വരുന്ന 29 വന്‍കിട പദ്ധതികള്‍ക്ക് കെസ്വിഫ്റ്റ് വഴി അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ 35,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

വ്യവസായ ലൈസന്‍സുകളുടെ കാലാവധി നേരത്തെ ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയായിരുന്നു. അത് എല്ലാ വിഭാഗത്തിലും അഞ്ചുവര്‍ഷമായി വര്‍ധിപ്പിച്ചു.

കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ചെറുകിട വ്യവസായങ്ങള്‍ക്ക് 'വ്യവസായ ഭദ്രത' എന്ന പേരില്‍ 3434 കോടി രൂപയുടെ സഹായ പാക്കേജ് നടപ്പാക്കുകയാണ്. കേരള ബാങ്കുവഴി നബാര്‍ഡിന്റെ 225 കോടി രൂപയുടെ മൂലധനസഹായം അനുവദിക്കുന്നുണ്ട്.

കേരളത്തിലെ വ്യവസായങ്ങളില്‍ 70 ശതമാനവും സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങളാണ്. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 58,826 എംഎസ്എംഇകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 5,388 കോടി രൂപയുടെ നിക്ഷേപം നമ്മുടെ സംസ്ഥാനത്ത് വന്നു. 1.6 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമഫലമായി ദേശീയ വ്യവസായ ഇടനാഴിയുടെ ഒരു ഭാഗം കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി 1878 ഏക്കര്‍ ഭൂമി പാലക്കാട്ടും 500 ഏക്കര്‍ എറണാകുളത്തും ഏറ്റെടുക്കും. കൊച്ചിസേലം ദേശീയ പാതയുടെ ഇരുവശങ്ങളിലായി കേരളത്തിന്റെ സംയോജിത ക്ലസ്റ്റര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ 10,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയ്ക്കാണ് പദ്ധതിയുടെ ചുമതല. ആവശ്യമായ പണം കിഫ്ബി വഴി ലഭ്യമാക്കും. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. അനുമതികള്‍ ഏകജാലക സംവിധാനത്തിലൂടെ നല്‍കും.

വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ സിറ്റി 'ഗിഫ്റ്റ്' (കൊച്ചി ഗ്ലോബല്‍ ഇന്‍ഡസട്രീയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ്) പദ്ധതിക്ക് 220 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും. അടുത്ത ഫെബ്രുവരിയില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. വ്യവസായവാണിജ്യ സംരംഭങ്ങള്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങളുള്ള കേന്ദ്രമായി ഗിഫ്റ്റിലൂടെ കൊച്ചി മാറും. 1.2 ലക്ഷം പേര്‍ക്ക് നേരിട്ടും 3.6 ലക്ഷം പേര്‍ക്ക് പരോക്ഷമായും ഗിഫ്റ്റിലൂടെ തൊഴില്‍ ലഭിക്കും.

കോവിഡിനു ശേഷമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മെയ് 30ന് നാം മുന്നോട്ട് പരിപാടിയില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയില്‍ ടെറുപെന്‍പോള്‍ കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ പത്മകുമാര്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. തിരുവനന്തപുരം കേന്ദ്രമായി മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യവസായം തുടങ്ങുന്നതിന് വലിയ സാധ്യതയുണ്ടെന്ന് പത്മകുമാര്‍ തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിച്ചു. ഈ നിര്‍ദേശം ഗൗരവമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ മെഡിക്കല്‍ ഡിവൈന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 24ന് ഇതിന്റെ നിര്‍മാണ ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ട്.

പാലക്കാട് മെഗാ ഫുഡ്പാര്‍ക്ക്, ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്ക് എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഫുഡ് പാര്‍ക്കില്‍ 30 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചു കഴിഞ്ഞു. ഡിഫന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം വൈകാതെ നടക്കും.

ചേര്‍ത്തലയില്‍ മെഗാ മറൈന്‍ ഫുഡ് പാര്‍ക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 84 ഏക്കര്‍ വരുന്ന പാര്‍ക്കില്‍ 26 സംരംഭകര്‍ക്ക് സ്ഥലം അനുവദിച്ചു. 130 കോടി രൂപയാണ് പാര്‍ക്കിന്റെ നിര്‍മാണ ചെലവ്. ഈ പാര്‍ക്ക് വഴി 500 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലവസരവും ഉണ്ടാകും.

പാലക്കാട് ലൈറ്റ് എഞ്ചിനീയറിംഗ് പാര്‍ക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉള്‍പ്പെടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഏഴു സംരംഭങ്ങള്‍ക്ക് കെട്ടിടം അനുവദിച്ചു. രണ്ടാം ഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും.

മട്ടന്നൂരില്‍ 137 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപരും തോന്നയ്ക്കലില്‍ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് ഒന്നാംഘട്ടം തുടങ്ങുന്നതിന് 7.45 ഏക്കര്‍ ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറി. രണ്ടാംഘട്ടത്തിന് വര്‍ക്കലയില്‍ 32 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.