കോവിഡ് 19: ജില്ലയില്‍ ക്രിട്ടിക്കല്‍ കെയര്‍ മാനേജ്‌മെന്റ് പരിശീലനം ആരംഭിച്ചു

post

മലപ്പുറം :  ജില്ലയില്‍ കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ അത്യാസന നിലയിലാകുന്ന രോഗികളെ ചികിത്സിക്കുന്നതിന് ആരോഗ്യവകുപ്പും ആരോഗ്യ കേരള മിഷനും ഐ.എം.എയുടെ സഹകരണത്തോടെ ചികിത്സാ സേവനങ്ങള്‍ വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ക്രിട്ടിക്കല്‍ കെയര്‍ മാനേജ്‌മെന്റ് എന്ന വിഷയത്തിലാണ് പരിശീലനം.

പെരിന്തല്‍മണ്ണയില്‍ നടന്ന ആദ്യ ഘട്ട പരിശീലനത്തില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ഡോക്ടര്‍മാര്‍ പങ്കെടുത്തു. പരിശീന പരിപാടി ഐ.എം.എ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. വി.യു സീതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി. മൗലാനാ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ സീതി സ്വാഗതം പറഞ്ഞു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. വി.പി. രാജേഷ്, ഐ.എം.എ ജില്ലാ ചെയര്‍മാന്‍ ഡോ. നിലാര്‍ മുഹമ്മദ്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് സംസ്ഥാന പ്രസിഡന്റ് ഡോ. നാസര്‍, ഡോ. ഷാജു മാത്യൂസ്, ഡോ. ശശിധരന്‍, ഡോ. എ.കെ. റഊഫ്, ഡോ. ജലാല്‍, ഡോ. ജലീല്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. നാളെ (24/09/2020) തിരൂര്‍ ജില്ലാശുപത്രിയില്‍വെച്ച് പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം ആരംഭിക്കും.