ചങ്ങരംകുളം ലൈഫ് മിഷന്‍ ഫ്ലാറ്റ് : ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും

post



ലൈഫില്‍ 29 ഫ്ലാറ്റുകൾ കൂടി ഒരുങ്ങുന്മലപ്പുറം സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലായി നിര്‍മിക്കുന്ന   29 ലൈഫ് ഭവന സമുച്ചയത്തിന്റെ  നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.  ലൈഫ് ഭവന പദ്ധതി നടപ്പിലാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഏറ്റവും മികച്ച സഹകരണമാണ് ലഭിച്ചതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായി. സ്പീക്കര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈഫ് മിഷന്റെ ഭാഗമായി ചങ്ങരംകുളത്ത് നിര്‍മിക്കുന്ന ജില്ലയിലെ രണ്ടാമത്തെ ഫ്ലാറ്റ്  സമുച്ചയത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ ഭവന രഹിതരുടെ  വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, റോഡുകള്‍ തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര വികസനമാണ് നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പൊന്നാനിയില്‍ നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതിയിലൂടെയും മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഭവന സമുച്ചയത്തിലൂടെയും സ്വന്തമായി സുരക്ഷിതമായ ഭവനം എന്ന നിരവധി പേരുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുകയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിനും രാജ്യത്തിനും മാതൃകയാണ് ലൈഫ് മിഷന്‍ പദ്ധതിയെന്നും   നാട്ടുകാരുടെ സഹകരണത്തോടെയും  വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വിശിഷ്ടാതിഥിയായി.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വിട്ടു നല്‍കിയ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ 50 സെന്റ് സ്ഥലത്താണ് ഫഌറ്റ് സമുച്ചയം ഒരുങ്ങുന്നത്.  അഞ്ച് കോടി 73 ലക്ഷം രൂപ ചെലവഴിച്ചാണ് ഫഌറ്റ് നിര്‍മിക്കുന്നത്. ലക്‌സ്മീ എഞ്ചിനേയേഴ്‌സിനാണ് നിര്‍മാണ ചുമതല. ആറു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. 34 കുടുംബങ്ങള്‍ക്കായാണ് ഫഌറ്റ് നിര്‍മിക്കുന്നത്. രണ്ട് ബെഡ് റൂം, ലിവിങ് ഹാള്‍, അടുക്കള, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളാണ് ഒരോ കുടുംബത്തിനും വേണ്ടി  സജ്ജമാക്കുന്നത്. വയോജനങ്ങള്‍ക്ക് വിശ്രമ കേന്ദ്രം, സിക്ക് റൂം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ചിയ്യാനൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന  ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.എം.ബി ഫൈസല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുജിത സുനില്‍, കെ.വി അബ്ദുള്‍ കരീം, സ്മിത ജയരാജ്, അഷറഫ് ആലുങ്ങല്‍, സുഹറ കടയില്‍, ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ലൈഫ്മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. രാജേഷ് കുമാര്‍, ബി.ഡി.ഒ എ.പി ഉഷാദേവി തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.