കോരന്‍കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു

post

കോലഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം കോരന്‍കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നത്. പിറവം നിയോജക മണ്ഡലത്തിലെ രാമമംഗലത്തെയും കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കറുകപ്പിള്ളിയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് മുവാറ്റുപുഴയാറിന് കുറുകെ കോരന്‍ കടവിലാണ് പാലം നിര്‍മ്മിക്കുന്നത്. 2011ല്‍ നിര്‍ത്തിവച്ച പാലം പണി 9 വര്‍ഷത്തിനുശേഷമാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്.

14.30 കോടിയാണ് അടങ്കല്‍ തുക. നേരത്തെ 9 കോടിയ്ക്ക് ടെന്‍ണ്ടര്‍ ചെയ്ത പാലം 5 തൂണുകള്‍ മാത്രം നിര്‍മ്മിച്ച് പഴയ കോണ്‍ട്രാക്ടര്‍ പ്രവര്‍ത്തി ഉപേക്ഷിച്ചു. തുടര്‍ന്ന് പഴയ കോണ്‍ട്രാക്ടറെ ഒഴിവാക്കിയാണ് നിര്‍മ്മാണം പുനരാരംഭിച്ചത്. നിര്‍മ്മാണം വിലയിരുത്താന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.

ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയന്‍, വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷരായ പോള്‍ വെട്ടിക്കാടന്‍, സാലി ബേബി, നീമാ ജിജോ, ഗ്രാമപഞ്ചായത്തംഗം എ. സുഭാഷ്, എം. എന്‍. മോഹനന്‍, എ. കെ. മാധവന്‍, കോണ്‍ട്രാക്ടര്‍ മാത്യു കോര, പൊതുമരാമത്ത് വകുപ്പ് (പാലം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിജി കരുണാകരന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പീയൂസ് വര്‍ഗീസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം. കെ. നജീമുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.