മോട്ടോർ വാഹന വകുപ്പിൽ ലൈസൻസിനും രജിസ്‌ട്രേഷനും പുതിയ ഓൺലൈൻ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ വിവിധ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. ലേണേഴ്‌സ് ലൈസൻസ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിൽ പ്രിന്റ് എടുക്കാം.
പുതിയ ലൈസൻസ് എടുക്കുമ്പോഴും, ലൈസൻസ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആർ.സി. ബുക്ക് ലഭിക്കുന്നതിനും ആർ.ടി. ഓഫീസിലെ നടപടിക്രമം പൂർത്തിയാകുമ്പോൾ അപേക്ഷകന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഇത് എം.പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റൽ ഫോർമാറ്റിൽ ലഭിക്കും. വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാം. 15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസൻസിന്റെ അസ്സൽ രേഖകൾ അപേക്ഷകന് ഓഫീസിൽ നിന്നോ തപാലിലോ ലഭിക്കും.
പുതിയ പെർമിറ്റുകൾ (സ്റ്റേജ് കാര്യേജ് ഒഴികെ), പെർമിറ്റ് പുതുക്കിയത് (സ്റ്റേജ് കാര്യേജ് ഒഴികെ), താൽക്കാലിക പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), സ്‌പെഷ്യൽ പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), ഓതറൈസേഷൻ (നാഷണൽ പെർമിറ്റ്) എന്നിവയും ഓൺലൈനിൽ പ്രിന്റ് എടുക്കാം. വാഹന പരിശോധനാ സമയത്ത് ഈ രേഖകളും പരിശോധനാ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാം. മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങളുടെ വിശദാംശം MVD KERALA facebook ൽ ലഭിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എം. ആർ. അജിത്കുമാർ അറിയിച്ചു.