ജനങ്ങള്‍ക്ക് രേഖകള്‍ ഉറപ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് വരുന്നതായി മന്ത്രി

post

ലൈഫ് മിഷന്‍ ജില്ലാതല കുടുംബസംഗമം മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു
പാലക്കാട് : ലൈഫ് മിഷന്‍ ജില്ലാതല കുടുംബസംഗമവും പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും ചെറിയ കോട്ടമൈതാനിയില്‍ പട്ടികജാതി  പട്ടികവര്‍ഗ പിന്നാക്കക്ഷേമ നിയമ സാംസ്‌കാരിക  പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. പി. ഉണ്ണി എം.എല്‍.എ പരിപാടിയില്‍ അധ്യക്ഷനായി. രണ്ടുഘട്ടങ്ങളിലായി ജില്ലയില്‍ 18401 വീടുകള്‍ പൂര്‍ത്തികരിച്ചുവെങ്കിലും പദ്ധതിയെ ഗൗരവമായി കാണാത്ത ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളും ഇത് ഗൗരവമായി എടുത്ത് എത്രയും വേഗം വീടുകള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഒരു രേഖകയ്ക്ക് വേണ്ടി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി വരും ദിവസങ്ങളില്‍ ബ്ലോക്ക് തലത്തില്‍ ലൈഫ് മിഷന്‍ ഗുണ്ടാക്താക്കളുടെ സംഗമം സംഘടിപ്പിക്കുന്നതിലൂടെ 17 രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള അവസരമുണ്ടാവും. അന്ന് ലഭിക്കാത്ത രേഖകള്‍ പിന്നീട് ഒരു തിയതി വെച്ചുകൊണ്ട് അന്ന് കൈപറ്റാനുള്ള അവസരം ഉണ്ടാക്കുമെന്നും ജനങ്ങള്‍ക്ക് പരാതിയില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
സംസ്ഥാനത്തെ റവന്യൂ വരുമാനത്തില്‍ നേരിടുന്ന കുറവുകള്‍ സര്‍ക്കാര്‍ പദ്ധതികളെ ബാധിക്കാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രവിഹിതത്തില്‍ ഉണ്ടായ കുറവ് സംസ്ഥാന പ്ലാന്‍ ഫണ്ടിനെ ബാധിച്ചു. ജി.എസ്.ടി വന്നതോടെ സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടായി. എന്നാല്‍ ഇതൊന്നും ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെ ബാധിക്കാത്ത രീതിയിലാണ് മുന്നോട്ടു പോകുന്നത്. സാമ്പത്തിക പ്രതിസന്ധിയിലും പദ്ധതികള്‍ ഒന്നും പാതിവഴിയില്‍ നില്‍ക്കാതെ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകുന്നുവെന്നത് അഭിമാനകരമാണ്. ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനകം എല്ലാവരും ഒത്തു ചേര്‍ന്നാല്‍ വീടുകളുടെ പൂര്‍ത്തീകരണം 100 ശതമാനത്തിലേക്ക് എത്തിക്കാന്‍ കഴിയും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വീടും സ്വന്തമായി സ്ഥലവും ഇല്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുക, തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി.യിലേക്ക് മാറ്റി വൈദ്യുതി ലാഭിക്കുക, റോഡുകളെല്ലാം മികവുറ്റതാക്കുക, സ്ത്രീകള്‍ക്ക് പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷിത താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സൗകര്യം ലഭ്യമാക്കുക, വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക തുടങ്ങി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങളെല്ലാം ചെറിയ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കും. സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ മുന്നോട്ട് വെച്ച ഭൂരിഭാഗം വാഗ്ദാനങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനുദാഹരണമാണ് ലൈഫ് മിഷന്‍ പദ്ധതി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി ലൈഫ് മിഷന്‍ പദ്ധതി മുഖേന സംസ്ഥാനത്ത് പൂര്‍ത്തീകരിച്ച രണ്ടു ലക്ഷം വീടുകളുടെ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലാതലത്തില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ.മാരായ പി ഉണ്ണി, കെ ബാബു, കെ ഡി പ്രസേനന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുമാവലി മോഹന്‍ദാസ്, വിവിധ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.