പ്ലാസ്റ്റിക് നിരോധനം: ബോധവത്കരണവുമായി 'സേവ് അവര്‍ ഫ്യൂച്ചര്‍' ക്യാമ്പയിന്‍

post

എറണാകുളം : സംസ്ഥാന സര്‍ക്കാര്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചതിന്റെ ഭാഗമായി കൊച്ചി സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ 'സേവ് അവര്‍ ഫ്യൂച്ചര്‍' എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചു. ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന പ്ലാസ്റ്റിക് നിരോധനം കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുവാനും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ബദലുകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.കൊച്ചിയിലെ കുടുംബശ്രീ യൂണിറ്റുകളുടെ സംയുക്ത പരിശ്രമത്തോടെ പേപ്പര്‍ ബാഗുകള്‍, തുണി ബാഗുകള്‍, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംഘം വിദ്യാര്‍ഥിനികള്‍ കോളേജിന്റെ പരിസരത്തെ കടകള്‍ സന്ദര്‍ശിക്കും.പ്ലാസ്റ്റിക് നിരോധനത്തിന് യുവാക്കളെയും പൊതുജനങ്ങളെയും അണിനിരത്തുന്നതിനുള്ള കോളേജിന്റെ സംരംഭമായിട്ട്  റാലിയും സംഘടിപ്പിച്ചു. കോളേജ് ചെയര്‍പേഴ്‌സണ്‍ റെയ്ചല്‍ ആന്‍ വര്‍ഗീസ് സോഷ്യല്‍ മീഡിയ ക്യാമ്പയിന് തുടക്കം കുറിച്ചു.