ഉദ്ഘാടനത്തിനൊരുങ്ങി തലവടി ഗവ. വി എച്ച് എസ് സ്‌കൂളിന്റെ പുതിയ കെട്ടിടം

post

ആലപ്പുഴ : ചരിത്രപ്രാധാന്യമുള്ള തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ഒരു പുതിയ കെട്ടിടം കൂടി. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പുതുതായി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. 1.85 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. 2019 ഫെബ്രുവരിയിലാണ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത്. പുതിയ കെട്ടിടത്തില്‍ മികച്ച രീതിയിലുള്ള മൂന്ന് ക്ലാസ്സ് മുറികളാണ് ഒരുക്കിയിരിക്കുന്നത്.  

നിലവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ചെമ്പകശ്ശേരി രാജാവിന്റെ വേനല്‍ക്കാല വിശ്രമ വസതിയായിരുന്ന കെട്ടിടമാണ്  പിന്നീട് 1962 ല്‍ സ്‌കൂള്‍ കെട്ടിടമായി പരിണമിച്ചത്. 1992 ലാണ് ഇവിടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സ് ആരംഭിച്ചത്. പഴയ കെട്ടിടത്തിലെ സ്ഥലപരിമിതി അധികാരികളെ ബോധ്യപ്പെടുത്തിനെ തുടര്‍ന്ന് 20162017 കാലഘട്ടത്തിലാണ് പുതിയ കെട്ടിടത്തിനായുള്ള നടപടികള്‍ക്ക് തുടക്കമായത്. 201718 വര്‍ഷത്തെ ബഡ്ജറ്റില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്‌കൂള്‍ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചു. പുതിയ കെട്ടിടം വരുന്നതോടെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള മികച്ച സൗകര്യമാണ് ലഭിക്കുകയെന്ന് ഗവ. വി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ എസ്. അഞ്ജന പറഞ്ഞു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന സ്‌കൂളില്‍ വി എച്ച് എസ് എസ് കൂടി അനുവദിച്ചപ്പോള്‍ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ക്ലാസ്സ് മുറികള്‍ക്ക് പരിമിതി നേരിടേണ്ടി വന്നു. എന്നാല്‍ പുതിയ സ്‌കൂള്‍ കെട്ടിടം  ഉദ്ഘാടനം ചെയ്യുന്നത്തോടെ  ഈ പരിമിതിക്ക് പരിഹരമാകുമെന്ന് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജെനൂബ് പുഷ്പാകര്‍ പറഞ്ഞു.