പൊതുമരാമത്ത് വകുപ്പ് നടത്തുന്നത് 20000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍: മുഖ്യമന്ത്രി

post

തിരുവനന്തപുരം :  20000 കോടി രൂപ മുതല്‍മുടക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പില്‍ മാത്രം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

56000ത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാണ് കിഫ്ബി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനു പുറമെ പുതിയ നിര്‍മിതികള്‍ക്ക് ബഡ്ജറ്റില്‍ നീക്കി വച്ച തുകയുമുണ്ട്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 400 കോടി രൂപയുടെ നിര്‍മാണം ജല അതോറിറ്റിയുടെയും ജലവിഭവ വകുപ്പിന്റേയും നേതൃത്വത്തില്‍ നടക്കുന്നു. ഇതില്‍ 44 പ്രവൃത്തികള്‍ പൂര്‍ത്തിയായി. 33 പദ്ധതികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു.

മലപ്പുറം ഒടേക്കല്‍  പൂക്കോട്ടുമന, എറണാകുളം പറപ്പള്ളിക്കാവ്  പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജുകളുടെ പ്രവൃത്തികളും അങ്കമാലി മാഞ്ഞാലിത്തോട് പുനരുദ്ധാരണവും പൂര്‍ത്തിയായിട്ടുണ്ട്. കാസര്‍കോട് പാലായിവളവ്, പാലക്കാട് കൂട്ടക്കടവ് എന്നിവിടങ്ങളിലെ റഗുലേറ്റര്‍ കം ബ്രിഡ്ജുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ പ്രവര്‍ത്തനക്ഷമമല്ലാത്ത ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ പുനരുദ്ധാരണവും നടക്കുന്നു. ജലജീവന്‍ മിഷന്‍, അന്തര്‍സംസ്ഥാന നദീജല ഹബ്, കടല്‍ത്തീര സംരക്ഷണ പദ്ധതി, അമൃത് പദ്ധതി, 500 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന അട്ടപ്പാടി ജലസേചന പദ്ധതി എന്നിവയൊക്കെ ജലവിഭവ രംഗത്ത് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 68.36 കോടി രൂപ ചെലവഴിച്ചാണ് പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. 18 മാസം കൊണ്ട് പണി പൂര്‍ത്തിയാകും. കടലില്‍ നിന്ന് ഉപ്പ്‌വെള്ളം കയറുന്നതായിരുന്നു ഇവിടത്തെ കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നത്. ഇതിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് നാവിഗേഷന്‍ ലോക്ക് ഉള്ള റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സര്‍വീസ് റോഡ് 6.5 മീറ്റര്‍ വീതിയില്‍ പുനരുദ്ധരിക്കും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കടലില്‍ നിന്ന് ഉപ്പ് വെള്ളം കയറുന്ന പ്രശ്‌നം അവസാനിക്കും. 1720 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ലഭിക്കും. ഇതിനെല്ലാം പുറമെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.




cm