ഹൈടെക്ക് ആയി കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

post

കാസര്‍ഗോഡ് : കുട്ടമത്തൂകാര്‍ക്ക് അക്ഷര വെളിച്ചം പകരുന്ന കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ കെട്ടിടോദ്ഘാടനം  നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താന്‍ കിഫ്ബിയിലൂടെ അനുവദിച്ച മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പൂതിയ കെട്ടിടമാണ് ഉദ്ഘാടന സജ്ജമായത്.

കുട്ടമത്ത് നാടിന്റെ അക്ഷരചൈതന്യമായി മഹാകവി കുട്ടമത്ത് കുഞ്ഞി കൃഷ്ണകുറുപ്പിന്റെ പേരില്‍ അനശ്വരമായ കുട്ടമത്ത് ദേശക്കാരുടെ സാമൂഹിക സാംസ്‌ക്കാരിക ജീവിതത്തിലെ കെടാവിളക്കാണ് ഈ വിദ്യാലയം.1915 ല്‍ കുട്ടമത്ത് പഞ്ചിലാങ്കണ്ടത്ത് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി കുന്നിയൂര്‍ പടിഞ്ഞാറെ താവഴിയില്‍ ചിണ്ട കുറുപ്പ് ആരംഭിച്ച വിദ്യാലയം പിന്നീട് കുട്ടമത്തെ മൈലാട്ടി കുന്നില്‍ 1981ല്‍ ഹൈസ്‌കൂള്‍  ആയി ഉയര്‍ത്തപ്പെട്ടു. 1984ല്‍ ഹയര്‍ സെക്കന്ററി ആയി മാറി. 2017ലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി യിലൂടെ സ്‌കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താന്‍ ഫണ്ട് ലഭിച്ചത്.തൊഴില്‍ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച സ്ഥലമില്ലായ്മയും ജലദൗര്‍ലഭ്യവുമടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച മൂന്ന് വര്‍ഷം കൊണ്ടാണ് പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മൂന്ന് നിലകള്‍, 16 ക്ലാസ് മുറികള്‍

മൂന്ന് നിലകളിലായി 16 ക്ലാസ്സ് മുറികള്‍ (3ഫാന്‍ ,4 ട്യൂബ് ലൈറ്റ് ) എല്ലാ ക്ലാസ്സ് മുറികളിലും ഇന്റര്‍നെറ്റ് കേബിള്‍ വലിക്കാനുള്ള സൗകര്യം ,മള്‍ട്ടി മീഡിയാ സൗകര്യത്തോടു കൂടിയ ലൈബ്രറി ,45 കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ ലാബ് , ഇന്റര്‍നെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ്/ സ്റ്റാഫ് റൂം ,പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ടോയിലറ്റ് സമുച്ചയം എന്നിവയാണ് പുതിയ ക്ടെടിടത്തില്‍ ഒരുങ്ങിയിരിക്കുന്നത്.കൂടാതെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ക്ലാസ്സിലേക്ക് എത്തുന്നതിന് റാംപുകളും  ടോയ്ലെറ്റ് സൈകര്യവും ആ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നു. ആറ് ക്ലാസ്സ് മുറികളും ലൈബ്രറിയും ഉള്‍പ്പെടുന്ന താഴത്തെ നില  ഗ്രൗണ്ട് ഫ്ലോര്‍ ലെവലില്‍ നിന്ന് താഴ്ത്തി പഴയ കെട്ടിടത്തിന്റെ അതേ ലെവലിലേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന  നാളെ എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും. 

ശതാബ്ധി പിന്നിട്ട ഈ ഗ്രാമീണവിദ്യാലയം പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ് ജില്ലയിലെ തന്നെ മാതൃകാ വിദ്യാലയങ്ങളിലൊന്നാണ്. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ 1403 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം കലാ സംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ,ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ,ശാരീരിക മാസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്.