ജാഗ്രത! രാജക്കാട് ടൗണ്‍ ക്യാമറ നിരീക്ഷണത്തിലാണ്...

post

ഇടുക്കി : രാജക്കാട് ടൗണും പരിസരവും ഇനി സി.സി.ടി.വി ക്യാമറ നിരീക്ഷണത്തില്‍. മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് കടിഞ്ഞാണിടുക, പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് രാജക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലും പരിസര പ്രദേശങ്ങളിലും  ക്യാമറ സ്ഥാപിച്ചത്. സാക്ഷി 2020 എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പദ്ധതിയുടെ  ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഎസ് സതി നിര്‍വഹിച്ചു. സിസിടിവി ക്യാമറകളുടെ  സ്വിച്ച് ഓണ്‍ കര്‍മ്മം രാജക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എച്ച്.എല്‍  ഹണി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്, പോലീസ്, മര്‍ച്ചന്റ് അസ്സോസിയേഷന്‍ എന്നിവര്‍ സംയുക്തമായി 27 ക്യാമറകളാണ് ടൗണിലും പ്രധാന റോഡുകള്‍ ഉള്‍പ്പെടയുള്ള സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. ഇവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഏകീകരിച്ച് പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലും മോണിറ്ററിംഗ് സംവിധാനം ഒരുക്കും. രാത്രിയും പകലും കൃത്യമായ ദൃശ്യങ്ങള്‍ നല്‍കുന്ന ക്യാമറകള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുഖേന ഇന്റര്‍ നെറ്റ് സഹായത്തോടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്.  കുറ്റകൃത്യങ്ങള്‍ നടന്നാല്‍ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന മോണിറ്റല്‍ കണ്ട് വ്യക്തമായ തെളിവുകളോടെ പോലീസിന് നടപടിയെടുക്കാന്‍ സാധിക്കും.  

പതിമൂന്ന് വര്‍ഷം മുന്‍പ് സംഘടിപ്പിച്ച രാജക്കാട് ഫെസ്റ്റ് നടത്തിപ്പിന്റെ  ബാക്കി തുക സംഘാടക സമിതി ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ആ പണം ഉള്‍പ്പെടെ സമാഹരിച്ച അഞ്ചര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വ്യാപാരി വ്യവസായികള്‍, പോലീസ്, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തലാണ് പദ്ധതി  നടപ്പാക്കിയത്.      

രാജക്കാട് ടൗണില്‍ ചേര്‍ന്നയോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിജില്ലാ സെക്രട്ടറി വി.കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡന്റ് സിബി കൊച്ചുവള്ളാട്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍.സി സുജിത് കുമാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിലാല്‍  തുടങ്ങിയവര്‍ സംസാരിച്ചു.