ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല മുഖ്യന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

post

കൊല്ലം : അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായ ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ തൃക്കടവൂര്‍ കുരീപ്പുഴയിലെ ചൂരവിളാസ് കെട്ടിട സമുച്ചയത്തില്‍ ആരംഭിച്ച ഓപ്പണ്‍ യൂണിവേഴ്സിറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു.

ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ പൊതുജീവിതത്തില്‍ ഉടനീളം   ഉദ്ബോധിപ്പിച്ചത് അറിവ് സമ്പാദിക്കാനാണ്. അറിയാനും അറിയിക്കുവാനുമുള്ള ഇടം  ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്. ആ ഉദ്ബോധനത്തിന്റെ പശ്ചാത്തലത്തിലാണ് ഗുരുവിന്റെ നാമധേയത്തിലുള്ള ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ നാം കാണേണ്ടത്. കവി പി കുഞ്ഞിരാമന്‍ നായര്‍ പറയുംപോലെ പള്ളിക്കൂടം കമ്പോള സ്ഥലങ്ങളായിരുന്നു കേരളത്തില്‍. ആ സ്ഥിതിക്ക് മാറ്റം വരുത്തുകയാണ് ഈ സര്‍ക്കാര്‍. അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പുതുതായി സര്‍ക്കാര്‍  സ്‌കൂളുകളിലേക്ക് കടന്നുവന്നതും  അന്‍പതിനായിരത്തിലേറെ ഹൈടെക് ക്ലാസ് മുറികള്‍ പൊതുവിദ്യാലയങ്ങളില്‍ സജ്ജീകരിച്ചതുമൊക്കെ ഗുരുവിന്റെ വിദ്യാഭ്യാസ ചിന്തകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നടത്തിയ പരിഷ്‌കാരങ്ങളാണ്. അതിന്റെ തുടര്‍ച്ചയായി തന്നെ വേണം ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റിയേയും നാം  കാണേണ്ടത്.

നമ്മുടെ സമ്പത്ത് വ്യവസ്ഥയുടെ അടികല്ലുകളായ കൃഷി,  വ്യവസായം, കൈത്തൊഴില്‍,  സാങ്കേതികജ്ഞാനം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന വിദ്യാഭ്യാസ രീതിക്കല്ലാതെ ഇനിയുള്ള കാലം  സമൂഹത്തെ മുന്നോട്ടു നയിക്കാനാവില്ല. ഈ അടിസ്ഥാന തലങ്ങളെ സ്പര്‍ശിക്കാതെ ഒരു വിദ്യാഭ്യാസ പദ്ധതിക്കും  വിജയിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടാണ് പരമ്പരാഗതമായ തൊഴിലുകള്‍ പുനരുജ്ജീവിപ്പിച്ചു കൊണ്ടും ആധുനികമായ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും  സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. വിദ്യാഭ്യാസ മേഖലയില്‍ കാലാതീതമായ നവീകരണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആഗ്രഹിക്കുന്ന ആര്‍ക്കും അറിവ് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്  അവസരമൊരുക്കുന്ന ഒരു സാധ്യതയില്‍ നിന്നും സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കില്ല. അതിനുദാഹരണമാണ് ഗുരുവിന്റെ നാമധേയത്തിലുള്ള ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റി.

ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മാതൃകയില്‍ കേരളത്തില്‍ ഒരു സ്ഥാപനം വേണമെന്നത്  ഏറെക്കാലത്തെ ആവശ്യമായിരുന്നു. അതാണ് കൊല്ലം ജില്ലയില്‍  യാഥാര്‍ത്ഥ്യമായിരിക്കുന്നത്. വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന മഹാ സന്ദേശം ലോകത്തിന് നല്‍കിയ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലാണ്  ഇത്  എന്നത് ഏതൊരു കേരളീയനും ചാരിതാര്‍ഥ്യം പകരുന്നതാണ്. ചരിത്ര പ്രാധാന്യമുള്ള കൊല്ലം ജില്ലയില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഇത് സ്ഥാപിക്കാന്‍ കഴിയുന്നു എന്നുള്ളത് മഹത്തരമായ കാര്യമാണ്.  

ആധുനിക ശാസ്ത്ര സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ എല്ലാ പരിജ്ഞാനിക മേഖലകളിലും സര്‍വ്വ വിഭാഗം ജനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവും പ്രദാനം ചെയ്യുകയാണ് ഓപ്പണ്‍ സര്‍വകലാശാലയിലൂടെ ലക്ഷ്യമിടുന്നത്. ഉപരിപഠനത്തിനായി കഴിവും യോഗ്യതയും ആഗ്രഹവുമുള്ള  ആര്‍ക്കും  ഏത് അറിവും നേടിയെടുക്കാനാകും വിധമായിരിക്കും സര്‍വകലാശാലയുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

കൊല്ലം ബൈപ്പാസ് റോഡിനോട് ചേര്‍ന്ന് ഏഴു നിലകളിലായുള്ള ചൂരവിളാസ് സമുച്ചയത്തില്‍ 18 ക്ലാസ് മുറികളും 800 പേര്‍ ഉള്‍ക്കൊള്ളുന്ന ആഡിറ്റോറിയവും നൂറോളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.

മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, മേയര്‍ ഹണി ബെഞ്ചമിന്‍, എം പി മാരായ എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം മുകേഷ്, മുല്ലക്കര രത്നാകരന്‍, എം നൗഷാദ്, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍ രാമചന്ദ്രന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഡിവിഷന്‍ കൗണ്‍സിലര്‍ ബി അജിത് കുമാര്‍ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപന-രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമുദായിക നേതാക്കള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍,  തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍ കെ  പ്രേമചന്ദ്രന്‍ എം പിയും പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉഷാ ടൈറ്റസും ഓണ്‍ലൈന്‍ വഴി പങ്കെടുത്തു.