വരും തലമുറയെക്കൂടി കണ്ടാണു സ്‌കൂളുകളുടെ വികസനം: മുഖ്യമന്ത്രി

post

ഇടുക്കി: വരും തലമുറയെക്കൂടി കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് സ്‌കൂളുകളുടെ വികസനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച  പുതിയ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍മ്മിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ഭാവിയാണ് ഓരോ വിദ്യാലയങ്ങളും. വിദ്യാഭ്യാസ മേഖലയ്ക്കുണ്ടായ മാറ്റം ഏറെ ശ്രദ്ധേയമാണ്. ലോകോത്തര നിലവാരത്തിലേക്ക് പൊതുവിദ്യാലയങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. സ്‌കൂളുകളുടെ വികസനത്തിന് ജനപ്രതിനിധികള്‍, അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടനകള്‍ തുടങ്ങിയവ വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് വലിയൊരു ആഘോഷ ചടങ്ങുകള്‍ നടത്താന്‍ സാധിക്കാത്തത്. അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം ഈ ചടങ്ങുകള്‍ക്ക് സാക്ഷിയാകുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയില്‍ 5 പൊതുവിദ്യാലയങ്ങളാണ് പുതിയ കെട്ടിട സമുച്ചയത്തോടെ നാടിന് സമര്‍പ്പിച്ചത്. ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, ധനവകുപ്പ്മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വ്യവസായവകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍  എസ്.രാജേന്ദ്രന്‍ എം.എല്‍.എ ജനപ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

അടിമാലി ഗവ. ഹൈസ്‌കൂള്‍, ഗവ. എച്ച്.എസ്.എസ്. ചെണ്ടുവരൈ, ജി.യു.പി.എസ്. തോക്കുപാറ, ജി.വി.എച്ച്.എസ്.എസ്. മൂന്നാര്‍, ജി.വി.എച്ച്.എസ്.എസ്. ദേവിയാര്‍ കോളനി എന്നി സ്‌കൂളുകള്‍ക്കാണ് പുതിയ ഹൈടെക് കെട്ടിട സമുചയങ്ങള്‍ ഒരുക്കിയിട്ടുള്ളത്.  ക്ലാസ്മുറികള്‍, ലാബുകള്‍, ശുചിമുറികള്‍, അധ്യാപകര്‍ക്കുള്ള പ്രത്യേക മുറികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ മികവിന്റെ പുതിയ ഇടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമൊരുക്കും. മൂന്നു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്  അടിമാലി ഗവ. ഹൈസ്‌കൂള്‍ കെട്ടിടം പൂര്‍ത്തികരിച്ചത്. ഗവ. എച്ച്.എസ്.എസ്. ചെണ്ടുവരൈ, ജി.യു.പി.എസ്. തോക്കുപാറ, ജി.വി.എച്ച്.എസ്.എസ്. മൂന്നാര്‍ എന്നീ സ്‌കൂളുകളുടെ കെട്ടിട സമുച്ചയങ്ങള്‍ ഒരുകോടി പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. 1.75 കോടി നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് ജി.വി.എച്ച്.എസ്.എസ്. ദേവിയാര്‍ സ്‌കൂളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും  കോവിഡ് നിയന്ത്രങ്ങള്‍ പാലിച്ചാണ് എല്ലായിടങ്ങളിലും ചടങ്ങുകള്‍ നടന്നത്.