ജില്ലയിലെ 9 പൊതു വിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങള്‍

post

വരുംതലമുറയ്ക്കായി പൊതുവിദ്യാഭ്യാസ മേഖലയെ  കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തും: മുഖ്യമന്ത്രി

കൊല്ലം : വരുംതലമുറയ്ക്കായി പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ആറ് പൊതുവിദ്യാലയങ്ങളുടെ പുതിയ ബഹുനില മന്ദിരങ്ങളുടെ  ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് സ്‌കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും  മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കാലാനുസൃതമായ  മാറ്റങ്ങള്‍ അതിവേഗം നടപ്പില്‍ വരുത്തേണ്ട ഒന്നാണ് വിദ്യാഭ്യാസമേഖലയെന്നും അതിനാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും പൊതു സമൂഹവും പ്രധാന പങ്കുവഹിച്ചു . വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കി സംസ്ഥാനത്ത് 5 ലക്ഷം വിദ്യാര്‍ഥികള്‍  പൊതുവിദ്യാലയങ്ങളില്‍ പുതിയതായി വന്നു ചേരുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കാരണമായി. ലോകത്തെവിടെയും  ലഭിക്കുന്ന അക്കാദമിക്  സൗകര്യങ്ങള്‍  വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇതിന് പ്രധാന തെളിവാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നതില്‍ സമൂഹം ഒരുമിച്ചു നിന്നു.വിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയത് വിലമതിക്കാനാവാത്ത നേട്ടങ്ങളാണ്. മുഖ്യമന്ത്രി പറഞ്ഞു

ക്ലാസ് മുറികള്‍ക്ക് പകരമാവില്ല ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നത് ഉള്‍ക്കൊള്ളുന്നുവെന്നും നിലവിലെ കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് എത്രയും വേഗം സാധാരണനിലയിലേക്ക് വിദ്യാഭ്യാസമേഖല മാറുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പ്രത്യേക നിര്‍ദ്ദേശം നല്‍കി.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. സ്പീക്കര്‍ പി  ശ്രീരാമകൃഷ്ണന്‍, ധന വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സാന്നിധ്യമറിയിച്ചു

കുളത്തൂപ്പുഴ സര്‍ക്കാര്‍ യു പി എസ്, കടക്കല്‍ സര്‍ക്കാര്‍ എച്ച് എസ ്എസ്, കൊട്ടാരക്കര ടൗണ്‍ യു പി എസ്, കിഴക്കേകല്ലട സര്‍ക്കാര്‍ എല്‍ പി എസ്,  പണയില്‍ സര്‍ക്കാര്‍ എച്ച് എസ്, വെള്ളൂപ്പാറ സര്‍ക്കാര്‍ ഗവണ്‍മെന്റ് യുപിഎസ്, എന്നിവയുടെ  പുതിയ കെട്ടിടങ്ങളാണ്  മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. കൊല്ലൂര്‍വിള സര്‍ക്കാര്‍ എല്‍ പി എസ്, പട്ടാഴി സര്‍ക്കാര്‍ എം എല്‍ പി എസ്, വാക്കനാട് സര്‍ക്കാര്‍ എച്ച് എസ് എസ് സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ജില്ലയിലേത് ഉള്‍പ്പെടെ 90 പൊതുവിദ്യാലയങ്ങളുടെ പുതിയ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. 10 ജില്ലകളിലായി 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.  സര്‍ക്കാരിന്റെ പദ്ധതി വിഹിതവും കിഫ്ബി, നബാര്‍ഡ് എന്നിവ വഴിയുള്ള ധനസഹായവും വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.