374.75 കോടി രൂപയുടെ ലാഭവുമായി കേരള ബാങ്ക്

post

കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. 2019 നവംബറില്‍ രൂപീകരിച്ചത് മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കേരള ബാങ്ക് 374.75 കോടി രൂപയുടെ ലാഭം കൈവരിച്ചതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 201920 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ബിസിനസ് 101194 കോടി രൂപയാണ്. ലയനസമയത്ത് സഞ്ചിത നഷ്ടം 1150.75 കോടി രൂപയായിരുന്നു. നാല് മാസത്തിനുള്ളില്‍ സഞ്ചിത നഷ്ടം 776 കോടി രൂപയായി കുറച്ചു കൊണ്ടുവരാന്‍ ബാങ്കിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധി മൂലം വായ്പകളില്‍ തിരിച്ചടവ് കുറഞ്ഞത് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നതിന് കാരണമായി. ഇതുവരെ 1524.54 കോടി രൂപ കരുതല്‍ ധനമായി ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ നിക്ഷേപത്തില്‍ 1525.8 കോടി രൂപയുടെയും വായ്പയില്‍ 2026.40 കോടി രൂപയുടെയും വര്‍ധനവുണ്ടായി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ കര്‍ഷകര്‍ക്കായി പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ മുഖേന അനുവദിച്ച എസ്.എല്‍.എഫ്. വായ്പ 1543.44 കോടി രൂപ നല്‍കി. നബാര്‍ഡ് പുനര്‍ വായ്പാ പദ്ധതിയിലൂടെ ദീര്‍ഘകാല കാര്‍ഷിക വായ്പയും നല്‍കിയിട്ടുണ്ട്. സ്വയം സഹായ സംഘങ്ങള്‍ക്കും കൂട്ടുബാധ്യതാ സംഘങ്ങള്‍ക്കുമായി പുതിയ മൈക്രോ ഫിനാന്‍സ് സ്‌കീമില്‍ മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായി 120.27 കോടി രൂപ നല്‍കിയതായി മന്ത്രി അറിയിച്ചു. സ്വര്‍ണ പണയ വായ്പയായി 3676.49 കോടി രൂപയും മോര്‍ട്ടഗേജ് വായ്പയായി 425.86 കോടി രൂപയും ഭവന വായ്പയായി 195.83 കോടി രൂപയും സഹകരണ സംഘങ്ങള്‍ക്കുള്ള വായ്പയായി 2887.35 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷം നല്‍കിയിട്ടുണ്ട്.

17000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 1000 കോടി രൂപയുടെ  പുതിയ വായ്പാ പദ്ധതി  കേരള ബാങ്കിലൂടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡ് സഹായത്തോടെ പത്ത് മൊബൈല്‍ വാനുകളും 1500 മൈക്രോ എ.ടി.എമ്മുകളും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. റിക്കവറി നടപടികള്‍ ലഘൂകരിക്കുന്നതിനായി ആകര്‍ഷകമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാങ്ക് ആവിഷ്‌കരിക്കുന്നുണ്ട്.

നബാര്‍ഡ് പ്രഖ്യാപിച്ച ഭക്ഷ്യ സംസ്‌കരണ വ്യവസായ വായ്പാ പദ്ധതി, കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്കുള്ള ഫണ്ട്, പാക്‌സ് മുഖേനയുള്ള മള്‍ട്ടി സര്‍വ്വീസ് സെന്റര്‍ എന്നീ മേഖലകളില്‍ പദ്ധതി തയ്യാറാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. കേരള ബാങ്ക് ചെയര്‍പേഴ്‌സണ്‍ മിനി ആന്റണി, സി.ഇ.ഒ. രാജന്‍ പി.എസ്., ചീഫ് ജനറല്‍ മാനേജര്‍ കെ.സി.സഹദേവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.