ജില്ലയിൽ കോവിഡ് പരിശോധന 275000 കടന്നു

post

എറണാകുളം : സംസ്ഥാനമൊട്ടാകെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് രോഗലക്ഷണമുള്ള എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ. ജില്ലയിൽ ശരാശരി 6000 കോവിഡ് പരിശോധനകൾ ആണ് പ്രതിദിനം നടത്തുന്നത്. ജില്ലയിൽ ആകെ 276596 സാമ്പിളുകൾ ആണ് കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 15000 ഓളം പേരുടെ സാമ്പിളുകൾ ആണ് പരിശോധനക്കായി ശേഖരിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ചു പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്.

ജില്ലയിൽ ഇതുവരെ നടത്തിയ പരിശോധനയിൽ 132264 സാമ്പിളുകൾ സർക്കാർ ലാബുകളിലും 144332 സാമ്പിളുകൾ സ്വകാര്യ ലാബുകളിലുമാണ് പരിശോധിച്ചിട്ടുള്ളത്. സർക്കാർ ലാബുകളിലെ ആകെ പരിശോധനകളിൽ 60568 ആർ. ടി. പി. സി. ആർ പരിശോധനകളും 68463 ആന്റിജൻ പരിശോധനകളും ആണ് നടത്തിയിട്ടുള്ളത്. 1132 ട്രൂ നാറ്റ് പരിശോധനകളും 1921 സി. ബി നാറ്റ് പരിശോധനകളും സർക്കാർ ലാബുകളിൽ നടത്തിയിട്ടുണ്ട്. 

സ്വകാര്യ ലാബുകളിൽ 73925 ആർ. ടി. പി. സി. ആർ പരിശോധനകളും ഇതുവരെ നടത്തി. 6494 ട്രൂ നാറ്റ് പരിശോധനകളും 2226 സി. ബി നാറ്റ് പരിശോധനകളും ആണ് ജില്ലയിൽ ഇത് വരെ നടത്തിയിട്ടുള്ളത്.

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി രോഗവ്യാപനം കുറക്കാനാവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം നടപ്പാക്കി വരികയാണ്. തഹസിൽദാർമാരുടെയും ഡെപ്യൂട്ടി കളക്ടർമാരുടെയും നേതൃത്വത്തിൽ സ്‌ക്വാഡുകൾ ജില്ലയിൽ കോവിഡ് നിയമലംഘനങ്ങൾ പരിശോധിക്കുന്നുണ്ട്.