തലോര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു

post

തൃശൂര്‍ : നെന്മണിക്കര പഞ്ചായത്തിലെ  അന്‍പത്തി മൂന്നാം നമ്പര്‍ തലോര്‍ സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് വിഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിച്ചു. ഇന്ത്യയില്‍ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ പണി പൂര്‍ത്തീകരിച്ച അങ്കണവാടി എന്നത് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് വിവിധ മേഖലകളിലായി പൂര്‍ത്തീകരിച്ചത്. ഇതിന് നേതൃത്വം നല്‍കുന്ന ഭരണ സമിതി അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ബ്ലോക്ക് പഞ്ചായത്തിന്റെ 23 ലക്ഷം രൂപ ചെലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടി പണി പൂര്‍ത്തീകരിച്ചത്. നാല് സെന്റ് സ്ഥലത്ത് ഇരുനിലകളിലായാണ് കെട്ടിടം. താഴത്തെ നിലയില്‍ ഐ സി ഡി എസ് റൂം, അടുക്കള എന്നിവയും മുകളില്‍ അങ്കണവാടി ക്ലാസ്സും നടക്കും. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി എസ് ബൈജു, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസ്ലി റപ്പായി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആര്‍ അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.