അച്ചടി വകുപ്പില്‍ 100 കോടിയുടെ നവീകരണം നടത്തും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കിഫ്ബിയില്‍ നിന്നും 100 കോടി ചെലവഴിച്ച് അച്ചടി വകുപ്പിനെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ണന്തല സര്‍ക്കാര്‍ പ്രസ്സിലെ നൂതന മള്‍ട്ടി കളര്‍ വെബ്ബ് ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്റെ പ്രവര്‍ത്തനോദ്ഘാടനം  ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടി രംഗം ഇന്ന് മാറ്റങ്ങളുടെ പാതയിലാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് വകുപ്പിനെയും നവീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് അത്യാധുനിക സവിശേഷതകളുള്ള പുതിയ ഓഫ്സെറ്റ് മെഷീന്‍ സ്ഥാപിച്ചത്. ഇതിലൂടെ എല്ലാവിധ അച്ചടി ജോലികളും മികച്ചരീതിയിലും വേഗത്തിലും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. പാഠപുസ്തകം, കലണ്ടര്‍, ഡയറി, ലോട്ടറി മുതലായവ ഇവിടെ അച്ചടിക്കാന്‍ കഴിയും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനി/ബോര്‍ഡുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയുടെ അച്ചടി ജോലികള്‍ മണ്ണന്തല പ്രസില്‍ നിര്‍വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ അച്ചടിവകുപ്പിന് ഐ.എസ്.ഒ 9001:2015 അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

4.5 കോടി ചെലവിട്ടാണ് മള്‍ട്ടി കളര്‍ വെബ്ബ് ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ സ്ഥീപിച്ചത്. ഒരേ സമയം 32 പേജ് വരെ ഒരുമിച്ചു പ്രിന്റ് ചെയ്യാന്‍ മെഷീനു സാധിക്കും. ഇതിലൂടെ മണിക്കൂറില്‍ 32,000 കോപ്പി പുസ്തകങ്ങള്‍ വരെ അച്ചടിക്കാനാകും. 15 ഏക്കറില്‍ 12,031 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പ്രസ്സാണ്. മൂന്ന് ഷിഫ്റ്റുകളിലായി 300 ജീവനക്കാരാണ് പ്രസില്‍ ജോലി നോക്കുന്നത്.

ചടങ്ങില്‍ സഹകരണം-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ എന്‍. അനില്‍ കുമാര്‍, അച്ചടി വകുപ്പ് ഡയറക്ടര്‍ എ. ജെയിംസ് രാജ്, മണ്ണന്തല പ്രസ്സ് ഡെപ്യൂട്ടി സൂപ്രണ്ട് വി. ജയകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മണ്ണന്തല പ്രസ്സ് അങ്കണത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രിന്റിംഗ് മെഷീനിന്റെ സ്വിച്ച്-ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് അച്ചടി വകുപ്പ് ഡയറക്ടര്‍ എ. ജെയിംസ് രാജ് മേയര്‍ കെ. ശ്രീകുമാറിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങി.