ഇവിടെ എല്ലാം റെഡി;ഇനി കുട്ടികൾ വന്നാൽ മതി

post

എറണാകുളം: കൊറോണയെന്ന മഹാവ്യാധി വേഗത്തിൽ മാറി എന്റെ പള്ളിക്കൂടം ഒന്ന് വേഗന്ന് തുറക്കണേയെന്ന പ്രാർത്ഥനയുമായി കഴിയുന്ന കുട്ടികൾക്ക് വേണ്ടി, പുറ്റുമാനൂർ സർക്കാർ വിദ്യാലയം പ്രീ പ്രൈമറി മുതലുള്ള ക്ലാസ് മുറികളിലെ ഇരിപ്പിടങ്ങളും ശാസ്ത്ര ലാബും ഗണിത ലാബും പുസ്തകസഞ്ചിയും ഒരുക്കി കാത്തിരിക്കുകയാണ്.

വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ദിശ - സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ അക്കാദമിക്ക് നിലവാരം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയത്തിലെ ശാസ്ത്ര ,ഗണിത ശാസ്ത്ര ലാബുകളും ക്ലാസ് റൂം വായനശാലകളും നവീകരിച്ച് ആധുനിക പഠനസാമഗ്രികളും ഇരിപ്പിട സംവിധാനങ്ങളും ഒരുക്കിയത്.

കൊറോണയുടെ ഭീതിയെല്ലാം മാറി വിദ്യാലയത്തിലേക്ക് എത്തുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സഹായകമാവുന്ന തരത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധൻ അഭിപ്രായപ്പെട്ടു.വിദ്യാലയത്തിൽ നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ഇൻചാർജ് കെ എസ് മേരി ,എൻ കെ കൃഷ്ണജ ,അജിത വിജയൻ ,സോമശേഖരൻ എന്നിവർ നേതൃത്വം നൽകി.