അച്ചടിവകുപ്പിനെ ആധുനികവത്കരിച്ച് കാലാനുസൃതമാക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം: അച്ചടിവകുപ്പിനെ ആധുനികവത്കരിക്കാനും ഡിജിറ്റലൈസ് ചെയ്യാനുമുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ണന്തല ഗവ. പ്രസ്സിന്റെ പുതിയ മൾട്ടികളർ വെബ് ഓഫ്‌സെറ്റ് മെഷീന്റെ ഉദ്ഘാടനവും അച്ചടി വകുപ്പ് ഡയറക്ടറേറ്റിനും മണ്ണന്തല ഗവ. പ്രസ്സിനും ഐ.എസ്.ഒ. 9001:2015 സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിറ്റൈസേഷന്റെ ഭാഗമായി അസാധാരണ ഗസറ്റുകൾ ഓൺലൈനായി പ്രസിദ്ധീകരിച്ചു തുടങ്ങി. കേരള ഗസറ്റും ഓൺലൈനായി പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. രണ്ടുകോടി 21 ലക്ഷം രൂപ ചെലവിൽ ഇ-ഓഫീസ്, കമ്പോസ് എന്നീ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കമ്പോസ് പദ്ധതിയുടെ മൊഡ്യൂളായ സ്‌റ്റോക്ക് മാനേജ്‌മെൻറ്, കേരള ഗസറ്റ് ഓൺലൈൻ എഡിഷൻ, കലണ്ടറിന്റെ കാലാനുസൃതമായ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ആധുനികവത്കരണ നടപടികൾക്ക് പുറമേ അച്ചടിവകുപ്പിൽ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 100 കോടി ചെലവിൽ നവീകരണ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

ഇന്ന് അച്ചടിമേഖല വ്യത്യസ്തമായ തൊഴിൽമേഖലയും വിപുലമായ സാധ്യതകളുള്ള വ്യവസായ മേഖലയുമാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, സാങ്കേതിക രംഗത്തെ വിദഗ്ധർ എല്ലാം കൈകോർക്കുന്നതാണ് ഇന്നീ മേഖല. നിമിഷംതോറും സാങ്കേതിക വിദ്യ വളരുന്നതിനാൽ വൈവിധ്യവത്കരണം പ്രധാനഘടകമാണ്. അതിനനുസരിച്ച് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ നമുക്ക് കഴിയണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രസുകളിൽ ആധുനിക പ്രിൻറിംഗ് ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കുന്നത്.

മണ്ണന്തല സർക്കാർ പ്രസിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ് പുതിയ ഓഫ്‌സെറ്റ് പ്രസ് സ്ഥാപിക്കുന്നതിലൂടെ നിറവേറ്റപ്പെടുന്നത്. എല്ലാവിധ അച്ചടി ജോലികളും ഭംഗിയായും വേഗത്തിലും പൂർത്തിയാക്കാൻ കഴിയുമെന്നതും പ്രസിന്റെ കാര്യക്ഷമത വർധിക്കുമെന്നതുമാണ് പ്രത്യേകത. കൂടുതൽ ഉത്പാദനം കുറഞ്ഞ സമയത്തിൽ സാധ്യമാക്കുന്ന ഈ മെഷീൻ നാലരക്കോടി രൂപ ചെലവിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരേസമയം 32 പേജുകൾ ബഹുവർണത്തിൽ അച്ചടിച്ച് മണിക്കൂറിൽ 32,000 കോപ്പികൾ ബുക്കാക്കി മാറ്റാനാകും. ഈ മെഷീൻ പ്രവർത്തന സജ്ജമാകുന്നതോടെ പാഠപുസ്തകം, കലണ്ടർ, ഡയറി, ലോട്ടറി തുടങ്ങിയ വിപുലമായ അച്ചടിജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകും.

പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ, യൂണിവേഴ്‌സിറ്റികൾ തുടങ്ങിയവയുടെ അച്ചടിസംബന്ധമായ ജോലികളെല്ലാം ഏറ്റെടുക്കാനാകും. മണ്ണന്തല പ്രസിന് ഏറെ സജീവമാകാൻ കഴിയുന്ന ഭാവികാലം കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു അച്ചടിയന്ത്രം സ്ഥാപിച്ചത്.

സജീവമായ പ്രവർത്തനങ്ങളാണ് സർക്കാർ അച്ചടിസ്ഥാപനങ്ങൾ നടത്തിവരുന്നത്. സർക്കാർ രേഖകൾ അച്ചടിക്കുന്നതിലും അവയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന കാര്യത്തിലും ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിലും കണിശത പുലർത്താൻ ഈ സ്ഥാപനങ്ങൾക്കാകുന്നുണ്ട്. അത്തരത്തിൽ സേവന ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിനാലാണ് വളർച്ചയുടെ വഴിയിലെ വലിയ അംഗീകാരമായി അച്ചടിവകുപ്പിനും മണ്ണന്തല പ്രസിനും അന്താരാഷ്ട്ര തലത്തിലെ അംഗീകൃത സർട്ടിഫിക്കറ്റായ ഐ.എസ്.ഒ അംഗീകാരം ലഭ്യമായത്.

1938ൽ തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതി തിരുനാൾ മഹാരാജാവാണ് ട്രാവൻകൂർ കലണ്ടർ അച്ചടിക്കുന്നതിനായി ആദ്യ സർക്കാർ അച്ചുകൂടം സ്ഥാപിക്കുന്നത്. അച്ചടി വകുപ്പിന്റെ നിയന്ത്രണത്തിൽ 11 പ്രസുകൾ, 12 ജില്ലാ സ്‌റ്റോറുകൾ എല്ലാമുള്ള വകുപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസിൽ ആധുനികവത്കരണത്തിന്റെ ഭാഗമായി ഒരു ഓറിയൻറ് എക്‌സൽ മൾട്ടികളർ വെബ് ഓഫ്‌സെറ്റ് മെഷീനാണ് സ്ഥാപിച്ചത്. സർക്കാരിന്റെ മുഴുവൻ പ്രിന്റിംഗ് ജോലികളും സർക്കാർ പ്രസുകളിൽ തന്നെ നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുടെ തുടക്കമാണ് മെഷീനിന്റെ ഉദ്ഘാടനം. ഈ മെഷീനിൽ മൾട്ടി കളറിൽ എ4 സൈസിലുള്ള 32 പേജുകൾ അച്ചടിക്കാൻ കഴിയുമെന്നതിനാൽ ടെക്സ്റ്റ് ബുക്ക്, ഡയറി പോലുള്ള അച്ചടി ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാകും. മറ്റുള്ള മെഷീനുകളെ അപേക്ഷിച്ച് മണിക്കൂറിൽ 30,000 കോപ്പികൾ വരെ അച്ചടിക്കാൻ കഴിയും. ഒരു ദിവസം 100 പേജുകളുള്ള ഒരു ലക്ഷം പുസ്തകങ്ങൾ കുറഞ്ഞ ചെലവിൽ അച്ചടിക്കാനാവുമെന്നതും അച്ചടിക്കൂലി ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.