ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ന്ന് കളമശ്ശേരി ഗവ.എച്ച് എസ് എസ്

post

കളമശ്ശേരി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കളമശ്ശേരി ഗവ.എച്ച് എസ് സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തി. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യഭ്യാസ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കളമശ്ശേരി എച്ച് എസ് സ്‌കൂളില്‍ ഹൈടെക് പദ്ധതി പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍ നിര്‍വഹിച്ചു.

കളമശ്ശേരി എച്ച് എസ് സ്‌കൂള്‍ ഹൈടെക് ആകുന്നതോടനുബന്ധിച്ച് 2018 മുതല്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിന് ആവശ്യമായ ലാപ്‌ടോപ്പുകള്‍, എച്ച്ഡിഎംഐ കേബിള്‍, സ്പീക്കര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, എല്‍ ഇ ഡി ടി.വി തുടങ്ങിയ ഉപകരണങ്ങള്‍ വിദ്യാലയത്തിന് ലഭിച്ചു. ക്ലാസ് റൂമുകള്‍ ടൈല്‍ വിരിക്കുകയും നെറ്റ്വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ വിദ്യാലയത്തിലെ 5 ക്ലാസ് മുറികളിലും ഓഫീസിലും കമ്പ്യൂട്ടര്‍ ലാബിലും ഈ നെറ്റ് വര്‍ക്ക് സംവിധാനമാണ് ഉപയോഗിക്കുന്നത്.

2019 - 20 അധ്യായന വര്‍ഷത്തില്‍ യുപി, എല്‍ പി വിഭാഗത്തിലേക്ക് ആവശ്യമായ ലാപ്‌ടോപ്പുകള്‍, എച്ച്ഡിഎംഐ കേബിള്‍, സ്പീക്കര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, വീഡിയോ കോണ്‍ഫറന്‍സും മറ്റും നടത്തുന്നതിനായി വെബ് ക്യാമറയും എന്നിവയും ലഭ്യമായി.

പിടിഎ പ്രസിഡന്റ് അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച് എസ് എസ് പ്രിന്‍സിപ്പള്‍ ലത, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ പ്രവീണ്‍കുമാര്‍, മെമ്പര്‍ എ ടി സി കുഞ്ഞുമോന്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.